നടൻ തിലകന്റെ വിരോധം നെടുമുടി വേണുവിനെ വളരെയധികം വേദനിപ്പിച്ചിരുന്നുവെന്ന് സുശീല വേണു. ജനംടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു തിലകനും നെടുമുടി വേണുവും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും വിവാദത്തെ തുടർന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും നെടുമുടി വേണുവിന്റെ ഭാര്യ സുശീല തുറന്നുപറഞ്ഞത്. നെടുമുടി വേണുവിന് ഏറ്റവും ബഹുമാനവും സ്നേഹവുമുണ്ടായിരുന്ന നടനായിരുന്നു തിലകനെന്നും അവർ പറഞ്ഞു.
“അനാവശ്യമായി ഒരുവാക്ക് പോലും തന്റെ നാവിൽ നിന്ന് വീഴരുതേയെന്ന് പ്രാർത്ഥിച്ച് ഷൂട്ടിംഗിന് പോയിരുന്നയാളാണ് വേണുച്ചേട്ടൻ. അങ്ങനെയിരുന്ന ഒരാൾക്കെതിരെ ഉയർന്ന വിവാദം വലിയ രീതിയിൽ വേദനയുണ്ടാക്കി. തിലകൻ ചേട്ടന്റെ പരാമശങ്ങൾ ഏറെ വേദനിപ്പിച്ചു. വലിയ നിരാശയും വിഷമവും അദ്ദേഹത്തിനുണ്ടാക്കി. നടൻ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും തിലകൻ ചേട്ടനോട് വലിയ ബഹുമാനമായിരുന്നു വേണുച്ചേട്ടന്. ഒരിക്കലും പ്രതീക്ഷിക്കാത്ത പരാമർശങ്ങളായിരുന്നു തിലകൻ ചേട്ടന്റെ ഭാഗത്ത് നിന്നുണ്ടായത്. ആദ്യം നിശബ്ദനായി ഇരുന്നെങ്കിലും പിന്നീട് ഒരുപാട് പേർ നിർബന്ധിച്ചതുകൊണ്ട് പ്രസ് മീറ്റ് വിളിച്ച് മറുപടി നൽകുകയായിരുന്നു വേണുച്ചേട്ടൻ.
ഏറെ സങ്കടപ്പെട്ടാണ് അന്ന് പ്രതികരിച്ചത്. പിന്നീടൊരിക്കൽ തിലകൻ ചേട്ടന്റെ മക്കളെല്ലാം വീട്ടിലേക്ക് വരികയും സംസാരിക്കുകയും ഒക്കെ ചെയ്തിരുന്നു. തിലകൻ ചേട്ടന് പീസ്-മസാല ഇഷ്ടമാണെന്ന് എവിടെ നിന്നോ വായിച്ച ഓർമയിൽ 2,3 തവണ അതുണ്ടാക്കി വച്ചു. അതുമായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകാമെന്നും ചെന്ന് കണ്ട് സംസാരിക്കാമെന്നും വേണുചേട്ടനോട് പറഞ്ഞിരുന്നു. എന്നാൽ തിലകൻ ചേട്ടൻ അതുവാങ്ങിയില്ലെങ്കിലോ, വീണ്ടും ഒരു വിഷമമായാലോ എന്ന് കരുതി പോവേണ്ടെന്ന് വച്ചു.”- സുശീല വേണു പ്രതികരിച്ചു.
സിനിമയിൽ തനിക്ക് ലഭിക്കേണ്ട അവസരങ്ങൾ പലതും നെടുമുടി വേണു തട്ടിയെടുത്തെന്ന് അടക്കമുള്ള തിലകന്റെ പരാമർശങ്ങൾ ഒരുകാലത്ത് വലിയ വിവാദമായിരുന്നു. പിന്നീട് തിലകന്റെ മകൾ ഒരുവേദിയിൽ നെടുമുടി വേണുവിനോട് ക്ഷമാപണം നടത്തിയ സന്ദർഭങ്ങൾ വരെയുണ്ടായി. അച്ഛന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണമെന്ന് തിലകന്റെ മകൾ പ്രതികരിച്ചിരുന്നു. വിവാദങ്ങൾ ഉടലെടുത്തെങ്കിലും ഇരുകുടുംബങ്ങളും തമ്മിൽ പിന്നീട് ഊഷ്മളമായ ബന്ധമാണ് പുലർത്തിയിരുന്നത്.















