പ്രശസ്ത മേളക്കാരൻ പൈങ്കുളം പ്രഭാകരൻ നായർ അന്തരിച്ചു

Published by
Janam Web Desk

തൃശൂർ: മേളകുലപതി എന്നറിയപ്പെടുന്ന പൈങ്കുളം പ്രഭാകരൻ നായർ(76) അന്തരിച്ചു. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടർന്ന് കഴിഞ്ഞ ഏതാനും നാളുകളായി കിടപ്പിലായിരുന്നു. കേരളത്തിന് അകത്തും പുറത്തുമായി നിരവധി ഉത്സവങ്ങളിൽ മേളം, തായമ്പക എന്നിവയില്‍ പ്രഭാകരന്‍ നായര്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ആളാണ്.

തൃശൂരിലെ ഉത്രാളിക്കാവ് പൂരത്തിന് എങ്കക്കാട് വിഭാഗത്തിന് 20 വർഷമായി പ്രഭാകരൻ നായരായിരുന്നു മേളപ്രമാണി. വാഴാലിക്കാവ്, കിള്ളിമംഗലം അങ്ങാടിക്കാവ്, ചേലക്കര മാരിയമ്മന്‍ പൂജ ഉത്സവം എന്നിവിടങ്ങളിലും നിരവധി വർഷം മേളം നയിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.
വെങ്ങാനെല്ലൂര്‍ ശിവക്ഷേത്രത്തില്‍ അന്തിമഹാകാളന്റെ നടയില്‍ വേല പുറപ്പെടുന്നതിന് മുമ്പുള്ള അടുക്ക് കൊട്ടുക എന്ന ചടങ്ങ് നടത്തിവന്നിരുന്നതും പ്രഭാകരനായിരുന്നു.

അംബുജാക്ഷി അമ്മയാണ് ഭാര്യ. മേളകലാകാരന്‍ ശ്രീജന്‍, ശ്രീരഞ്ജിനി എന്നിവര്‍ മക്കളാണ്. മരുമക്കള്‍: സംഗീത, പരേതനായ രാധാകൃഷ്ണന്‍. സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തിന് പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍ നടക്കും.

Share
Leave a Comment