200 ഓളം ഗുണ്ടകൾ കല്ലും കമ്പുകളുമായി കൊലവിളിയോടെ പാഞ്ഞടുത്തു; തൃണമൂൽ ഗുണ്ടകളുടെ ആക്രമണത്തിന്റെ ഞെട്ടലിൽ ബിജെപി സ്ഥാനാർത്ഥി

Published by
Janam Web Desk

കൊൽക്കത്ത: വെസ്റ്റ് മിഡ്‌നാപൂരിൽ തൃണമൂൽ ഗുണ്ടകൾ നടത്തിയ ആക്രമണത്തിന്റെ ഞെട്ടലിലാണ് ജാർഗ്രാം പാർലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി പ്രണത് ടുഡു. ഗാർബേതയിൽ മോംഗ്‌ലാപോട്ടയിലെ ബൂത്തിൽ ബിജെപി അനുകൂലികളായ വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് അന്വേഷിക്കാൻ എത്തിയതായിരുന്നു പ്രണത് ടുഡുവും സംഘവും.

ഇദ്ദേഹത്തിനൊപ്പം സുരക്ഷാസേനാംഗങ്ങളും ഉണ്ടായിരുന്നു. പ്രശ്‌നം ഉണ്ടായ ബൂത്തിന്റെ സമീപമെത്തിയതോടെ ഇരുന്നൂറോളം വരുന്ന തൃണമൂൽ ഗുണ്ടാസംഘം കല്ലും കമ്പുകളും ആയുധങ്ങളുമായി പാഞ്ഞടുക്കുകയായിരുന്നുവെന്ന് ടുഡു മാദ്ധ്യങ്ങളോട് പറഞ്ഞു. അവിടെ കേന്ദ്രസേന ഉണ്ടായിരുന്നില്ലെങ്കിൽ താൻ ഒരു പക്ഷെ കൊല്ലപ്പെട്ടേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാം വളരെ പെട്ടന്നാണ് സംഭവിച്ചത്. തൃണമൂൽ ഗുണ്ടകൾ റോഡ് ഉൾപ്പെടെ ബ്ലോക്ക് ചെയ്ത് സംഘടിച്ചുനിൽക്കുകയായിരുന്നു. വാഹനം നിർത്തിയതോടെ ഇവർ വാഹനത്തിന് നേർക്ക് ഇഷ്ടികകൾ വലിച്ചെറിയാൻ തുടങ്ങി. ഒപ്പമുണ്ടായിരുന്ന സുരക്ഷാ സേനാംഗങ്ങൾ പുറത്തിറങ്ങി അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതോടെ അവർക്കും പരിക്കേറ്റു.

മമതയുടെ നിയന്ത്രണത്തിലുളള പൊലീസോ ഉദ്യോസ്ഥരോ യാതൊരു സുരക്ഷയും നൽകാൻ തയ്യാറായില്ലെന്ന് പ്രണത് ടുഡു പറഞ്ഞു. ബംഗാളിലുടനീളം സന്ദേശ് ഖാലിയിലെ അവസ്ഥ സൃഷ്ടിക്കാനാണ് മമതയുടെ ശ്രമമെന്നും ടുഡു കുറ്റപ്പെടുത്തി. ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയില്ലെങ്കിൽ അവിടം രോഹിങ്ക്യയും പാകിസ്താനും ആയി മാറുമെന്നും ടുഡു പറഞ്ഞു.

Share
Leave a Comment