തിരുവനന്തപുരം: ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത വിജിലൻസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിട്ടുണ്ട്. ഡിവൈഎസ്പിക്കെതിരെ നടപടി ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
ഈ മാസം 31-ന് വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനാണ് സാബു. ഡിവൈഎസ്പിയോടൊപ്പം പാർട്ടിയിൽ പങ്കെടുത്ത രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ആലപ്പുഴ എസ്പി സസ്പെൻഡ് ചെയ്തിരുന്നു.
ഗൂഡല്ലൂരിൽ പോയി മടങ്ങി വരുന്ന വഴിയാണ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് ഉദ്യോഗസ്ഥരും തമ്മനം ഫൈസലിന്റെ വീട്ടിലെത്തിയത്. ഇതിനിടയിലേക്ക് അപ്രതീക്ഷിതമായാണ് അങ്കമാലി എസ്ഐയും സംഘവും എത്തിയത്. ഇവരെ കണ്ടതോടെ ഡിവൈഎസ്പിയും സംഘവും ശുചിമുറിയിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.
സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിവൈഎസ്പിയ്‌ക്കും പൊലീസുകാർക്കുമെതിരെ വകുപ്പുതല നടപടികളുണ്ടാകുമെന്നാണ് സൂചന. ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം റിപ്പോർട്ട് ഐജിക്ക് കൈമാറും.