കൊച്ചി: യുകെ കമ്പനിയിൽ നിന്ന് വീണ്ടും കൊച്ചിൻ ഷിപ്യാഡിന് കരാർ. യുകെ ആസ്ഥാനമായുള്ള നോർത്ത് സ്റ്റാർ ഷിപ്പിംഗ് കമ്പനിയിൽ നിന്ന് ഹൈബ്രിഡ് കപ്പൽ നിർമിച്ച് നൽകാനുള്ള കരാറാണ് കൊച്ചിൻ ഷിപ്യാർഡിന് ലഭിച്ചത്. ബാറ്ററിയിലും ഡീസലിലും പ്രവർത്തിക്കുന്ന ഈ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസൽ (എസ്ഒവി) നിർമിക്കാനുള്ള കരാറിലാണ് ഒപ്പുവച്ചത്.
60 ദശലക്ഷം യൂറോ അതായത്, 541 കോടി രൂപയുടെ കരാറാണ് ഒപ്പുവച്ചത്. കേന്ദ്രത്തിൽ നിന്നുള്ള സാമ്പത്തിക പിന്തുണ കൂടി കണക്കിലെടുത്താൽ മൊത്തം 650 കോടി കടക്കും. കടലിൽ കാറ്റാടിപ്പാടങ്ങൾ സ്ഥാപിക്കാനും അവയുടെ അറ്റകുറ്റപ്പണി നിർവഹിക്കാനും വിന്യസിക്കുന്നതിനായുള്ള കപ്പലാണ് കൊച്ചിയിൽ നിർമിക്കുക.
നോർത്ത് സ്റ്റാർ ഷിപ്പിംഗിന് വേണ്ടി സിമെൻസ്ഗമേസ പ്രവർത്തിക്കുന്ന, സഫോൾക്ക് തീരത്ത് സ്ഥിതി ചെയ്യുന്ന സ്കോട്ടിഷ് പവർ റിന്യൂവബിൾസ് ഓഫ്ഷോർ വിൻഡ് ഫാമിലാകും കൊച്ചിയിൽ നിർമിക്കുന്ന കപ്പൽ വിന്യസിക്കുക. കരാറിൽ രണ്ട് കപ്പലുകൾ കൂടി നിർമിക്കാനുള്ള വ്യവസ്ഥയുണ്ട്. അതുകൂടി യാഥാർത്ഥ്യമായാൽ മൊത്തം കരാർ തുക 1,623 കോടി രൂപയുടേതാകും.
നോർത്ത് സ്റ്റാർ കമ്പനിയിൽ നിന്ന് വീണ്ടും കരാറിനായി തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമാണെന്ന് കൊച്ചിൻ ഷിപ്യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ അഭിപ്രായപ്പെട്ടു. അന്താരാഷ്‌ട്ര കപ്പൽ നിർമാണ രംഗത്തെ മുൻനിര കമ്പനിയായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ മാറിയ കൊച്ചി കപ്പൽശാല ഇതിനോടകം തന്നെ അമേരിക്ക, ജർമനി, നെതർലൻഡ്സ്, നോർവേ, ഡെൻമാർക്ക്, മിഡിൽ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് 50-ഓളം ഹൈ-എൻഡ് കപ്പലുകൾ വിതരണം ചെയ്ത് കഴിഞ്ഞു.
വരുമാനത്തിൽ വൻ കുതിപ്പാണ് കേരളം ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖല കപ്പൽ നിർമാണ കമ്പനിയായ കൊച്ചിൻ ഷിപ്യാർഡ് നടത്തുന്നത്. അറ്റാദായത്തിൽ 558.28 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്പനിയുടെ ഓഹരി വില 720 ശതമാനമായാണ് കുതിച്ചുയർന്നത്. രാജ്യത്ത് ഏറ്റവുമധികം വിപണി മൂല്യമുള്ള 170 കമ്പനികളിലൊന്ന് കൊച്ചിൻ ഷിപ്യാർഡാണ്. തുടർച്ചയായുള്ള വിദേശ ഓർഡറുകളും ഉയർന്ന പ്രവർത്തനഫലവുമാണ് കപ്പൽശാലയെ പുത്തൻ ഉയരങ്ങളിലെത്തിക്കുന്നത്.















