ന്യൂഡൽഹി: താനും അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും ഒപ്പുവെച്ച 1999 ലെ ലാഹോർ കരാർ ലംഘിച്ചതിന് മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് സ്വന്തം രാജ്യത്തെ കുറ്റപ്പെടുത്തി.
പിഎംഎൽ-എൻ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത വേളയിലാണ് 1999 ഫെബ്രുവരി 21 ന് ഒപ്പുവച്ച കരാർ പാകിസ്താൻ ലംഘിച്ചുവെന്ന് കാർഗിൽ യുദ്ധത്തെക്കുറിച്ച് വ്യക്തമായി പരാമർശിച്ചു കൊണ്ട് ഷരീഫ് സദസ്സിനെ ഓർമ്മിപ്പിച്ചത്.
“1998 മെയ് 28-ന് പാകിസ്താൻ അഞ്ച് ആണവപരീക്ഷണങ്ങൾ നടത്തി. അതിനുശേഷം വാജ്പേയി സാഹിബ് ഇവിടെ വന്ന് നമ്മളുമായി ഒരു കരാറുണ്ടാക്കി. എന്നാൽ നമ്മൾ ആ കരാർ ലംഘിച്ചു. അത് ഞങ്ങളുടെ തെറ്റാണ്,” ഷരീഫ് പിഎംഎൽ-എൻ യോഗത്തിൽ പറഞ്ഞു.
“ആണവായുധ പരീക്ഷണങ്ങൾ നടത്തുന്നത് തടയാൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റൺ പാകിസ്താന് അഞ്ച് ബില്യൺ ഡോളർ വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ ഞാൻ അത് നിരസിച്ചു. ഇമ്രാൻ ഖാനെപ്പോലെ ഒരാൾ എന്റെ സീറ്റിൽ ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹം ക്ലിൻ്റന്റെ വാഗ്ദാനം സ്വീകരിക്കുമായിരുന്നു,” ഷരീഫ് കൂട്ടിച്ചേർത്തു.
സുപ്രീം കോടതി അദ്ദേഹത്തെ അയോഗ്യനാക്കി ആറ് വർഷത്തിന് ശേഷം നിയമനടപടികൾ കടന്ന് കുറ്റവിമുക്തത്താക്കപ്പെട്ടപ്പോഴാണ് ഭരണകക്ഷിയായ പാകിസ്താൻ മുസ്‌ലിം ലീഗിന്റെ പ്രസിഡൻ്റായി ജനറൽ കൗൺസിൽ അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഷെരീഫിന്റെ പ്രസ്താവനയോട് പാകിസ്താൻ സൈന്യം പ്രതികരിച്ചിട്ടില്ല.
2017-ൽ, പാനമ പേപ്പേഴ്‌സ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസുകളിൽ അഴിമതി ആരോപിച്ച് നവാസിനെ പ്രധാനമന്ത്രിയും പാർട്ടി പ്രസിഡൻ്റുമായി പാകിസ്ഥാൻ സുപ്രീം കോടതി അയോഗ്യനാക്കി.
പാകിസ്താൻ ഭരണഘടനയുടെ ആർട്ടിക്കിൾ 62, 63 പ്രകാരം അയോഗ്യനാക്കപ്പെട്ട വ്യക്തിക്ക് ഒരു രാഷ്‌ട്രീയ പാർട്ടിയുടെ തലവനാകാൻ കഴിയില്ലെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് മിയാൻ സാഖിബ് നിസാറിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് വിധിച്ചതിനെത്തുടർന്ന് 2018-ൽ നവാസിനെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു .
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാനത്തിന്റെ രൂപരേഖ പ്രഖ്യാപിച്ച ചരിത്രപരമായ ലാഹോർ പ്രഖ്യാപനത്തിൽ 1999 ഫെബ്രുവരി 21 ന് വാജ്‌പേയിയും ഷരീഫും ഒപ്പുവച്ചു. കരാർ മേഖലയിൽ സമാധാനത്തിന്റെ ഒരു വലിയ മുന്നേറ്റത്തിനുള്ള സൂചനയാണ് നൽകിയത്, എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം ജമ്മു കശ്മീരിലെ കാർഗിൽ ജില്ലയിൽ പാകിസ്താൻ നടത്തിയ കടന്നുകയറ്റം കാർഗിൽ യുദ്ധത്തിലേക്ക് നയിച്ചു.
1999 മെയ് മുതൽ ജൂലൈ വരെ നീണ്ടുനിന്ന കാർഗിൽ സംഘർഷം കാര്യമായ നാശനഷ്ടങ്ങൾക്ക് കാരണമായി, പാകിസ്താന്റെ ഭാഗത്തുള്ള നാശനഷ്ടങ്ങളുടെ ഔദ്യോഗിക കണക്കുകൾ വ്യക്തമല്ലെങ്കിലും നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു എന്ന് കണക്കാക്കപ്പെടുന്നു. പാക്ക് സൈനികരും തീവ്രവാദികളും കൈവശപ്പെടുത്തിയ ഭൂരിഭാഗം പ്രദേശങ്ങളും ഇന്ത്യൻ സൈന്യം തിരിച്ചുപിടിച്ചതോടെ സംഘർഷം അവസാനിച്ചു,















