ബെംഗളൂരു : വീർ സവർക്കറുടെ പേരിലുള്ള സൈൻബോർഡ് നശിപ്പിച്ച 3 എൻ എസ് യു ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. വീർ സവർക്കർ ജയന്തി ദിനത്തിൽ ചൊവ്വാഴ്ചയാണ് സംഭവം.
യെലഹങ്കയിൽ വീർ സവർക്കറുടെ പേരിലുള്ള മേൽപ്പാലത്തിന്റെ സൈൻ ബോർഡാണ് നശിപ്പിച്ചത്. മേൽപ്പാലത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യ പ്രവർത്തകർ പ്രതിഷേധിച്ചതായി പൊലീസ് പറഞ്ഞു . തുടർന്നാണ് ബോർഡ് നശിപ്പിച്ചത് . ഇതിനിടയിൽ അവർ ഭഗത് സിങ്ങിന്റെ ചിത്രങ്ങൾ കാണിക്കുകയും ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പിന്നീട് പൊലീസ് സ്ഥലത്തെത്തി സൈൻ ബോർഡിൽ നിന്ന് ബാനർ നീക്കി വൃത്തിയാക്കി.
പൊതുമുതൽ നശിപ്പിക്കുന്നത് തടയൽ നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം സംഭവത്തോട് പ്രതികരിക്കവെ കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ അശോക് കോൺഗ്രസിനെ വിമർശിച്ചു. വീർ സവർക്കറെ പ്രശംസിച്ച മഹാത്മാഗാന്ധിയുടെയും ബാബാസാഹേബ് അംബേദ്കറിന്റെയും മൂല്യങ്ങൾ കോൺഗ്രസ് പണ്ടേ ഉപേക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.















