ശ്രീനഗർ: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ സംസ്ഥാനത്ത് ജനാധിപത്യം കരുത്താർജ്ജിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീർ ഭാരതത്തിന്റെ ഭാഗമാണെന്ന ഉറച്ച സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതത്തിന്റെ ഭാഗമാണ് കശ്മീർ എന്ന ഉറച്ച സന്ദേശമാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ പ്രധാനമന്ത്രി സംസ്ഥാനത്തെ ജനങ്ങൾക്ക് നൽകിയത്. ഇതിന്റെ ഭാഗമായി ജനാധിപത്യം കരുത്താർജ്ജിച്ചെന്നും തെരഞ്ഞെടുപ്പിൽ ഈ മാറ്റം പ്രകടമായെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യം ഒരു വലിയ നേട്ടമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തേു.
ജമ്മുകശ്മീരിന് പ്രത്യേക ഭരണഘടനാ പദവി ഇല്ലാത്തതിനാലാണ് ഇപ്പോൾ വോട്ട് ചെയ്തതെന്നാണ് ജമാഅത്തെ ഇസ്ലാമിയിലെയും ഹൂറിയത്തിലെയും അംഗങ്ങൾ പറയുന്നത്. ഭരണഘടനയ്‌ക്ക് കീഴിലാണ് കശ്മീർ. അതിനാൽ പ്രധാനമന്ത്രിയുടെ കശ്മീർ നയം വിജയകരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രീണന രാഷ്‌ട്രീയത്തിലൂടെയാണ് കശ്മീരിലെ ജനങ്ങൾ കടന്നുപോയത്. എന്നാൽ ഇന്ന് സ്ഥിതി അതല്ലെന്നും അമിത് ഷാ പറഞ്ഞു.
എൻഡിഎ സർക്കാർ മൂന്നാംതവണ അധികാരത്തിലേറുമെന്ന ശുഭാപ്തി വിശ്വാസമാണുള്ളത്. കേവല ഭൂരിപക്ഷം എന്ന മുദ്രവാക്യമുയർത്തിയാണ് 2014-ൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് വിജയിക്കുകയും ചെയ്തു. 2019-ൽ 300 ലധികം എന്ന മുദ്രവാക്യം ഉയർത്തിയപ്പോൾ ആ നേട്ടം കൈവരിക്കുക സാധ്യമല്ലെന്നാണ് പലരും പറഞ്ഞത്. ഇത്തവണ 400+ സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് ഉറപ്പാണെന്നും അമിത് ഷാ പറഞ്ഞു.















