അമരാവതി: കാലവർഷത്തിന് മുന്നോടിയായി പെയ്ത മഴയിൽ ലക്ഷങ്ങൾ വിതമതിക്കുന്ന വജ്രങ്ങൾ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ അനന്തപൂർ, കടപ്പ, കുർണൂൽ, കൃഷ്ണ, ഗുണ്ടൂർ ജില്ലകളിൽ പെയ്ത മഴയിലാണ് വജ്രങ്ങൾ കണ്ടെത്തിയത്. മഴ പെയ്ത് തോർന്നതിന് പിന്നാലെ കർഷകർക്കാണ് അമൂല്യനിധി ലഭിച്ചത്.
അനന്തപൂർ, തുഗ്ഗലി, ജോന്നഗിരി, കുർണൂൽ ജില്ലയിലെ പല ഭാഗങ്ങളിലുമുള്ള ജനങ്ങൾ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. സമീപ ജില്ലകളിൽ നിന്ന് പോലും ആളുകൾ ഈ നിധി തേടിയെത്തുന്നുണ്ട്. കർഷകർക്ക് ലഭിച്ച വജ്രങ്ങൾ സമീപത്തെ സ്വർണ വ്യാപാരികൾക്ക് വിൽക്കുകയും ആറ് ലക്ഷത്തോളം രൂപ ലഭിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. രണ്ട് ദിവസത്തിനുള്ളിൽ നാല് വജ്രങ്ങളാണ് കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
മൺസൂൺ കാലത്ത് കുർണൂർ ജില്ലയിൽ നിന്ന് മുമ്പും ഇത്തരത്തിൽ വജ്രങ്ങൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന വലിയ വജ്രം ലഭിച്ചിരുന്നു.