തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചയ്‌ക്ക് പുറത്തിറക്കിയ മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി. ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചത്.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള 11 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യാനാണ് സാധ്യത. തെക്കൻ കേരളത്തിലും ലക്ഷദ്വീപ് തീരങ്ങളിലും ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
കഴിഞ്ഞ ദിവസം എറണാകുളത്തും കോട്ടയത്തും റെഡ് അലെർട്ട് പ്രഖ്യാപിച്ചിരുന്നു. കൊച്ചിയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങളിലുള്ള വീടുകളിൽ വെള്ളം കയറി. കോളനികളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഇന്നലെ പെയ്ത മഴയിൽ കോട്ടയത്തെ ഭരണങ്ങാനത്ത് ഉരുൾപ്പൊട്ടലുണ്ടായിരുന്നു. ഏഴോളം വീടുകളാണ് ഉരുൾപ്പൊട്ടലിൽ തകർന്നത്. കൂടാതെ പ്രദേശത്ത് മണ്ണിടിച്ചിലും ഉണ്ടായി.
തിരുവനന്തപുരത്തെ മലയോര പ്രദേശങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. നെയ്യാറ്റിൻകരയിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. കനത്ത മഴയെ തുടർന്ന് ജഗതിയ്ക്ക് സമീപം കിള്ളിയാർ കരകവിഞ്ഞ് ഒഴുകിയതോടെ റോഡിലേക്ക് വെള്ളം കയറി. ഇന്ന് രാവിലെ മുതൽ തിരുവനന്തപുരം നഗരത്തിൽ തുടർച്ചയായി മഴ പെയ്യുന്നുണ്ട്. ഇടറോഡുകൾ പലതും വെള്ളത്തിനടിയിലാണ്. വിവിധയിടങ്ങളിൽ ശക്തമായ കാറ്റിനെ തുടർന്ന് മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു.