ന്യൂഡൽഹി: സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി പ്രവർത്തിക്കുന്നവർക്കായി തുടർന്നും തന്റെ സഹായങ്ങളുണ്ടാകുമെന്ന് വ്യക്തമാക്കി മെലിൻഡ ഫ്രഞ്ച് ഗേറ്റ്‌സ്. ബിൽ ഗേറ്റ്‌സിന്റെ പത്‌നിയായ മെലിൻഡ ഇരുവരും ചേർന്ന് നടത്തുന്ന ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനിൽ നിന്ന് ജൂൺ ഏഴിന് രാജിവെക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്നോടിയായിട്ടാണ് ഒരു ബില്യൻ ഡോളർ സഹായം പ്രഖ്യാപിച്ചത്.
സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കുമായിരിക്കും സഹായം നൽകുകയെന്ന് മെലിൻഡ ഗേറ്റ്‌സ് വ്യക്തമാക്കി. രണ്ട് വർഷം കൊണ്ടാണ് ഈ തുക വിനിയോഗിക്കുക. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന പല സംഘടനകൾക്കും സാമ്പത്തികം ഒരു പ്രധാന പ്രശ്‌നമാണെന്ന് മെലിൻഡ ഗേറ്റ്‌സ് ചൂണ്ടിക്കാട്ടി. പുരോഗതിയുടെ ശത്രുക്കൾ പ്രത്യാക്രമണം നടത്തുമ്പോൾ സ്ത്രീകളുടെ അവകാശ സംരക്ഷകർ പ്രതിരോധത്തിലാകും. ആ കളിയിൽ അവരെ സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അവർ പറഞ്ഞു.
പണം വിനിയോഗിക്കാൻ പുതിയ ഗ്രാന്റുകൾ പ്രഖ്യാപിക്കാൻ തന്റെ സംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മെലിൻഡ ഗേറ്റ്‌സ് പറഞ്ഞു. യുഎസിൽ മാതൃമരണ നിരക്ക് അങ്ങേയറ്റം അധികമാണ്. കറുത്തവരിലും സ്വദേശികളായ അമ്മമാരിലും ഇത് അപകടകരമാണെന്നും മെലിൻഡ ഗേറ്റ്‌സ് ചൂണ്ടിക്കാട്ടി.
സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 250 മില്യൺ ഡോളർ നൽകും. സ്ത്രീകളുടെ സാമ്പത്തിക ഭദ്രയ്‌ക്കായി അത്തരം സംഘടനകൾ നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. 200 മില്യൻ ഡോളർ ഗ്രാൻഡായി നൽകും. അടുത്തിടെയാണ് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനിൽ നിന്ന് പടിയിറങ്ങുകയാണെന്ന് അവർ പ്രഖ്യാപിച്ചത്.















