ന്യൂഡൽഹി : കോൺഗ്രസും , ഇൻഡി മുന്നണിയും ഭരണഘടനയെ പരിഹസിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .വ്യക്തി നിയമമോ ശരിയത്ത് നിയമമോ അല്ല ബാബാ സാഹിബ് അംബേദ്കർ തയ്യാറാക്കിയ ഭരണഘടന തന്നെ രാജ്യം മുറുകെ പിടിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി . ഗോരഖ് പൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘
കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ വരാനിരിക്കുന്ന പരാജയം മുൻകൂട്ടി കണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ് . അവർ വിജയിക്കില്ല. ഇന്ത്യയിലെ ജനങ്ങൾക്ക് നല്ല വിവരമുണ്ട്, അവർ മോദി സർക്കാരിനെ വൻഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കും‘ – അദ്ദേഹം പറഞ്ഞു.
“രാമന്റെയും രാഷ്‌ട്രത്തിന്റെയും പരമഭക്തനായ മോദിജി തന്നെ ഭൂരിപക്ഷത്തോടെ സർക്കാരിനെ നയിക്കും . ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് തൊട്ടുപിന്നാലെ, അംബേദ്കറെ വെല്ലുവിളിച്ച് കോൺഗ്രസ് സർക്കാർ ഭരണഘടനയിൽ ആർട്ടിക്കിൾ 370 നിർബന്ധിതമായി ഉൾപ്പെടുത്തി . കോൺഗ്രസ് ഭരണഘടനയിൽ വരുത്തിയ നിരവധി ഭേദഗതികൾ പ്രസിദ്ധമാണ്. പാർട്ടിയുടെ ആദ്യ സർക്കാർ തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ ശ്രമിച്ചു.
പിന്നീട് 1975ൽ ഭരണഘടനയെ തകർക്കാൻ കോൺഗ്രസ് സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തി. ബാബാ സാഹിബ് അംബേദ്കർ മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണത്തെ നിരന്തരം എതിർത്തു. ഇതൊക്കെയാണെങ്കിലും, എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള സംവരണം ലംഘിക്കാൻ കോൺഗ്രസ് നിരന്തരം ശ്രമിച്ചു . ബിജെപിക്ക് വ്യാപകമായ പിന്തുണ ലഭിക്കുന്നത് പെട്ടെന്നുണ്ടായ കാര്യമല്ല. കഴിഞ്ഞ ദശകത്തിൽ മോദിജിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ കൊണ്ടുവന്ന സുപ്രധാന മാറ്റങ്ങളുടെ ഫലമാണെന്നും യോഗി പറഞ്ഞു.















