മലപ്പുറം: താനൂർ തൂവൽത്തീരത്ത് വീണ്ടും ബോട്ടപകടം. മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. താനൂർ തൂവൽത്തീരത്താണ് സംഭവം. മൂന്ന് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇന്ന് രാവിലെയായിരുന്നു അപകടം. ബോട്ടിലുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു. അബൂബക്കർ, മജീദ്, ഹംസക്കുട്ടി എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് തകർന്ന് മത്സ്യത്തൊഴിലാളി മരിച്ചിരുന്നു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. മത്സ്യബന്ധനത്തിന് പോയി തിരികെ വരുന്ന വഴി ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. എബ്രഹാമിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്ഥാനത്ത് പരക്കെ മഴ തുടരുകയാണ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കാലവർഷം എത്തിയതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദേശമുണ്ട്.















