ന്യൂഡൽഹി :മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എഎപി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി ഡൽഹി കോടതി. ജൂലൈ 6 വരെയാണ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഡൽഹി റോസ് അവന്യു കോടതി നീട്ടിയത്.
2023 ഫെബ്രുവരി 26-നാണ് അഴിമതിയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മാർച്ച് 9ന് ഇഡിയും സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ഡൽഹി എക്‌സൈസ് നയം പരിഷ്കരിക്കുമ്പോൾ ക്രമക്കേടുകൾ നടന്നതായും ലൈസൻസ് ഉടമകൾക്ക് അനാവശ്യ ആനുകൂല്യങ്ങൾ നൽകിയതായും ഇതിന്റെ പേരിൽ വാങ്ങിയ കൈക്കൂലി പണം ആംആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നുമാണ് കേസിൽ ഇഡിയുടെ കണ്ടെത്തൽ.















