മുംബൈ: മുംബൈ ഹോട്ടലുടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അധോലോക നേതാവ് ഛോട്ടാ രാജൻ കുറ്റക്കാരനാണെന്നു കണ്ടെത്തി കോടതി. ഗാംദേവിയിലെ ഗോൾഡൻ ക്രൗൺ ഹോട്ടൽ ഉടമ ജയ ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് വിധി.
2001 മെയ് 4 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ഹോട്ടലിന്റെ ഒന്നാം നിലയിൽ വച്ച് രണ്ട് അക്രമികൾ ജയ ഷെട്ടിയെ വെടിവച്ചു കൊല്ലുകയായിരുന്നു. ഛോട്ടാ രാജൻ സംഘത്തിൽ നിന്ന് ജയ ഷെട്ടിക്ക് നിരന്തരം ഭീഷണിയുണ്ടായിരുന്നു.
ഭീഷണിയുള്ളതിനെ തുടർന്ന് പൊലീസ് സുരക്ഷ ഏർപ്പാടാക്കിയിരുന്നെങ്കിലും കൊലപാതകത്തിന് രണ്ടു മാസം മുൻപ് ജയ ഷെട്ടിയുടെ നിർദ്ദേശപ്രകാരം സുരക്ഷ വേണ്ടെന്നു വയ്‌ക്കുകയായിരുന്നു. മഹാരാഷ്‌ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (MCOCA) പ്രകാരമാണ് സ്‌പെഷൽ ജഡ്ജി എ.എം പാട്ടീൽ ഛോട്ടാ രാജനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.















