ആഗ്ര : കുമ്പളങ്ങ മോഷ്‌ടിച്ചതിനു നാല് വയസ്സുകാരിയെ ഫാം ഉടമ അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ നിബോഹ്റ പ്രദേശത്തെ ഹുമയൂൺപൂർ ഗ്രാമത്തിലാണ് സംഭവം. ഖുശ്‌ബു എന്ന 4 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. കുട്ടി കുമ്പള മോഷ്‌ടിക്കുന്നതു കണ്ട് രോഷാകുലനായ ഫാം ഉടമ ചുടുകട്ട കൊണ്ട് കുട്ടിയുടെ തലയ്‌ക്കടിക്കുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് ഹരിഓം ശർമ്മ എന്ന 40 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . കുട്ടിയുടെ അച്ഛനായ സുബാഷ് കുമാർ പറയുന്നതനുസരിച്ച് ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ ഇയാൾ കുമ്പളങ്ങ വാങ്ങാൻ ഫാമിലേക്കെത്തി. എന്നാൽ നാലുവയസുള്ള മകൾ തന്നെ പിന്തുടർന്ന് വന്ന വിവരം ഇയാൾ അറിഞ്ഞിരുന്നില്ല.
തിരികെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഫാമിൽ പോയി നോക്കുകയായിരുന്നു. അവിടെ ചോരയൊലിച്ചു ബോധരഹിതയായി കിടക്കുന്ന ഖുശ്ബുവിനെയാണ് കാണാൻ കഴിഞ്ഞത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. സംഭവത്തിനു ശേഷം ഹരിഓം ശർമ്മ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.















