മദ്യമില്ലാതെ മലയാളികൾക്ക് എന്താഘോഷം എന്നാണ് പൊതുവയുള്ള കേട്ടുകേൾവി. സംസ്ഥാനത്ത് ഓരോ ആഘോഷങ്ങൾ വരുമ്പോഴും ഏറ്റവും കൂടുതൽ മദ്യം വിറ്റ ബിവറേജുകൾ ഏതെല്ലാമെന്ന കണക്കെടുപ്പുകൾ പോലും ഇന്ന് നടത്താറുണ്ട്. ഓരോ ആഘോഷങ്ങളിലും മലയാളി കുടിച്ചുവറ്റിക്കുന്ന മദ്യത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം വർദ്ധിക്കാറാണ് പതിവ്. മദ്യപാനികളെ സംബന്ധിച്ചിടത്തോളം ഡ്രൈ ഡേകൾ അവർക്ക് വേദന നൽകുന്ന ദിനങ്ങളാണ്.
ഡ്രൈ ഡേകളിൽ മദ്യവിൽപന പൂർണമായി നിരോധിച്ചതിന് പിന്നിലെ കാരണം എന്തൊക്കെയെന്ന് നോക്കാം..
ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിയോടനുബന്ധിച്ചാണ് ഡ്രൈ ഡേ ആരംഭിച്ചതെന്നാണ് വിവിധ റിപ്പോർട്ടുകളിൽ പറയുന്നത്. മദ്യത്തിനും മയക്കുമരുന്നിനോടും എതിർപ്പ് പ്രകടിപ്പിച്ച ഗാന്ധിജിയോടുള്ള ആദരവ് പ്രകടിപ്പിച്ച് ഡ്രൈ ഡേ ആചരിക്കുന്നു. പിന്നീട് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതോടെ 47-ാം അനുച്ഛേദത്തിലും ഇതേക്കുറിച്ച് പരാമർശിച്ചു. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം മനുഷ്യർക്ക് ഹാനികരമായതിനാൽ ഇവ നിരോധിക്കാൻ സംസ്ഥാനം ശ്രമിക്കണമെന്ന് ഇന്ത്യൻ ഭരണഘടനയിൽ പറയുന്നു. എന്നാൽ എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേയാവുന്നതിന് പിന്നിലെ കാരണം ഇത്..
2003-2004 ലെ കാലഘട്ടത്തിൽ ആന്റണി സർക്കാരിന്റെ കാലത്താണ് എല്ലാ ഇംഗ്ലീഷ് മാസവും ഒന്നാം തീയതി മദ്യ വിൽപ്പന വേണ്ടെന്ന് തീരുമാനിച്ചത്. ഒന്നാം തീയതി ശമ്പളം ലഭിക്കുമ്പോൾ തന്നെ മദ്യത്തിനായി വളരെയധികം തുക ചെലവഴിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരം ഒരു നീക്കം ആന്റണി സർക്കാർ നടത്തിയത്. ഒന്നാം തീയതിയിലെ മദ്യ നിരോധനം നടപ്പിലാക്കുന്നതിന് മുന്നേ ചാരായം നിരോധിക്കാനുള്ള നിയമം നടപ്പിലാക്കിയതും ആന്റണി സർക്കാരിന്റെ കാലത്തായിരുന്നു.
1996 ഏപ്രിൽ ഒന്നിനാണ് കേരളത്തിൽ ചാരായം നിരോധിച്ചത്. ചാരായം നിരോധിച്ചതോടെ വിലയേറിയ മദ്യങ്ങളിലേക്ക് മലയാളികളുടെ കണ്ണുടക്കി. കിട്ടുന്ന ശമ്പളം ആദ്യദിനം തന്നെ പൊടിപൊടിക്കുന്നതും പതിവായി. ഇതിനാെരു കടിഞ്ഞാണിടാനാണ് ഒന്നാം തീയതി മദ്യനിരോധനം നടപ്പിലാക്കിയത്. ഇതുകൊണ്ട് മദ്യപാനം കുറഞ്ഞോ എന്നത് മറ്റൊരു ചോദ്യമായി അവശേഷിക്കുന്നുണ്ട്.