മുംബൈ: 25 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ 19-കാരിക്ക് അനുമതി നൽകി ബോംബെ ഹൈക്കോടതി. ജസ്റ്റിസുമാരായ സോമശേഖർ സുന്ദരേശനും എൻആർ ബോർഖറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. സമൂഹത്തിന് മുന്നിൽ അപമാനിതയായെന്നും ഇതുമൂലം കടുത്ത മാനസിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഗർഭച്ഛിദ്രത്തിന് അനുമതി തേടി പെൺകുട്ടി കോടതിയെ സമീപിച്ചത്. സ്വന്തം ശരീരവുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനമെടുക്കുക എന്നത് സ്ത്രീയുടെ അവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ദരിദ്രകുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയാണ് ഹർജിക്കാരി. ഗർഭച്ഛിദ്രത്തിന് അനുമതി തേടി മെയ് 27നാണ് ഹൈക്കോടതിയെ സമീപിച്ചത്. സസൂൺ ആശുപത്രിയിലെ ഡോക്ടർമാർ പെൺകുട്ടിയെ പരിശോധിച്ച് കോടതിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഭ്രൂണത്തിന്റെ വളർച്ചയിൽ അപകാതയില്ലെന്നും ഹൃദയമിടിപ്പ് കൃത്യമാണെന്നും ഡോക്ടർമാർ റിപ്പോർട്ടിൽ സൂചിപ്പിച്ചു. എന്നാൽ പെൺകുട്ടിയുടെ നിലവിലെ മാനസികാവസ്ഥയനുസരിച്ച് ഗർഭാവസ്ഥയുമായി മുന്നോട്ട് പോയാൽ ഗുരുതരമായ മാനസിക ആഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാരണത്താലാണ് ഹർജിക്കാരിയുടെ ആവശ്യപ്രകാരം ഗർഭം അലസിപ്പിക്കാനുള്ള അനുമതി ഹൈക്കോടതി നൽകിയത്. പൂനെയിലുള്ള സസൂൺ ആശുപത്രിയിൽ ഗർഭച്ഛിദ്രം നടത്താമെന്നും എത്രയും വേഗം ഇതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും കോടതി നിർദേശിച്ചു.















