മലപ്പുറം: ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ വളാഞ്ചേരി ഇൻസ്പെക്ടർക്കും എസ്ഐക്കും സസ്പെൻഷൻ. ഇൻസ്പെക്ടർ സുനിൽ ദാസിനെയും എസ്ഐ ബിന്ദുലാലിനെയുമാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മലപ്പുറം എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖല ഐജി കെ സേതുരാമനാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.
സംഭവത്തിൽ എസ്ഐ ബിന്ദുലാലിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇൻസ്പെക്ടർ സുനിൽദാസ് ഒളിവിലാണ്. 18 ലക്ഷം രൂപയാണ് ഇരുവരും ക്വാറി ഉടമയിൽ നിന്ന് തട്ടിയെടുത്തത്. ഇടനിലക്കാരൻ നാല് ലക്ഷം രൂപയും ക്വാറി ഉടമയിൽ നിന്ന് തട്ടിയിരുന്നു. എസ്ഐയെയും ഇടനിലക്കാരനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
ഒളിവിൽ കഴിയുന്ന സുനിൽ ദാസിനെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ വളാഞ്ചേരി സ്വദേശിയുടെ ക്വാറിയിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഈ കേസിൽ ഇയാളെ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥർ പണം തട്ടിയെടുക്കുകയായിരുന്നു.