ദേശീയതയുടെ ശബ്ദവും മുഖവുമായി മലയാളികൾ ഹൃദയത്തിലേറ്റിയ ജനം ടിവി പത്താം വയസിലേക്ക്. സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റി വരുന്ന കാലത്തായിരുന്നു മലയാള മാദ്ധ്യമലോകത്ത് മാറ്റത്തിന്റെ ശംഖൊലിയുമായി ജനം ടിവിയുടെ തുടക്കം. പതിറ്റാണ്ടുകളുടെ പാരമ്പര്യവും പ്രതാപവുമൊക്കെ അവകാശപ്പെട്ടിരുന്ന മലയാള മാദ്ധ്യമങ്ങൾ ഒറ്റ കണ്ണിലൂടെ മാത്രം വാർത്തകളെ കണ്ടിരുന്ന കാലം. ദേശീയതയെ സംരക്ഷിക്കാനുള്ള പേരാട്ടത്തിൽ ശരിക്കൊപ്പമെന്ന ഉറച്ച നിലപാടിലൂടെ ഒരു പുതിയ മാദ്ധ്യമ സംസ്‌കാരത്തിനാണ് ജനം ടിവി തുടക്കമിട്ടത്.
പാതി സത്യങ്ങൾ മൂടിവെച്ച കഥകളായിരുന്നു പ്രേക്ഷകരിലേക്ക് അവർ കടത്തിവിട്ടിരുന്നത്. ഒരു വശത്തേക്ക് മാത്രം ക്യാമറക്കണ്ണുകൾ തിരിച്ച ആ കഥകളുടെ ഇരുട്ടുമൂടിയ മറുവശം പ്രേക്ഷകരിലേക്ക് എത്തിക്കുകയായിരുന്നു ജനം ടിവി ഏറ്റെടുത്ത ദൗത്യം. ദേശീയതയെ മുറുകെപ്പിടിച്ച് 2015 മെയ് 31 ന് തത്സമയ സംപ്രേഷണം ആരംഭിച്ച ജനം ടിവി ഇന്നും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ അണുവിടപോലും വ്യതിചലിക്കാതെ ആർജ്ജവത്തോടെ തുടരുന്നു. പലരും പറയാൻ മടിച്ചത് നെഞ്ചുറപ്പോടെ ഉറക്കെപ്പറഞ്ഞ 9 വർഷങ്ങൾ. വളച്ചൊടിക്കലും മറച്ചുവെയ്‌ക്കലുമില്ലാതെ ദേശീയതയെന്ന ഒറ്റ വികാരത്തോടെ ദേശവിരുദ്ധ ശക്തികളെ തുറന്നുകാട്ടിയ നിരവധി വാർത്തകളാണ് ഇതിനോടകം ജനം ടിവി പൊതുസമൂഹത്തിൽ ചർച്ചയാക്കിയത്.
പൗരത്വ നിയമഭേദഗതിയുടെ പേരിൽ നടന്ന ആസൂത്രിത പ്രതിഷേധങ്ങളുടെ ഹിഡൻ അജണ്ട പുറത്തുകൊണ്ടുവന്നതും കശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ചുവന്ന ദുരിതജീവിതവും കമ്യൂണിസ്റ്റ് ഭീകരത രാജ്യത്തിന്റെ മുക്കിലും മൂലയിലും വിതച്ച നാശവും ഭീകരവാദത്തിന്റെ തീരാകെടുതികളുമൊക്കെ സത്യസന്ധമായി മലയാളികളിലേക്ക് എത്തിച്ചത് ജനം ടിവിയായിരുന്നു.
ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നായ
സന്ദേശ്ഖാലിയിലെ രാഷ്‌ട്രീയമാഫിയാ സംഘങ്ങളെ തുറന്നുകാട്ടാനുളള ആർജ്ജവം ആദ്യം കാണിച്ചതും ജനം ടിവിയാണ്. ഡൽഹിയിൽ മുൻ ഉപരാഷ്‌ട്രപതിയും മലയാളിയുമായ കെആർ നാരായണന്റെ പേരിൽ കെട്ടിയ വ്യാജകല്ലറയുടെ വാർത്തയും മലയാളി ആദ്യമറിഞ്ഞത് ജനം ടിവിയിലൂടെയാണ്.
ഭീകരതയ്‌ക്കും വിഘടന വാദത്തിനുമെതിരെ ഇന്നും അണുവിടപോലും മാറാതെയുളള നിലപാടാണ് ജനം ടിവിക്കുളളത്. ഇസ്ലാമിക ഭീകരസംഘടനകൾ അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ നടത്തിയ അതിക്രമങ്ങളും ദേശീയമാദ്ധ്യമങ്ങളടക്കം പിന്നീട് വാർത്തയാക്കിയ സിപിഎമ്മിന്റെ ദേശവിരുദ്ധതയും ഭാരത സൈന്യത്തെ അധിക്ഷേപിക്കലും ആദ്യം ജനസമക്ഷമെത്തിച്ചതും ജനമാണ്. കേരളം ഞെട്ടലോടെ കേട്ട മലയാളി ഐഎസ് റിക്രൂട്ട്‌മെന്റിൽ ഉൾപ്പെടെ മറ്റ് മാദ്ധ്യമങ്ങൾ തമസ്‌കരിച്ച പല വാർത്തകളും വെളിച്ചം കണ്ടത് ജനം ടിവിയിലൂടെ ആയിരുന്നു.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ആചാര ലംഘനത്തിനെതിരെ ഭക്തരുടെ വികാരത്തിനൊപ്പം ആദ്യം മുതൽ നിലകൊണ്ട ഏക ചാനലും ജനം ടിവിയായിരുന്നു. ഭക്തർക്കൊപ്പം എന്ന ജനംടിവിയുടെ ഹാഷ്ടാഗ് അന്ന് ദേശീയശ്രദ്ധയാകർഷിക്കുക പോലും ചെയ്തിരുന്നു. കോടതി വിധിയുടെ മറവിൽ ശബരിമലയിൽ ആചാരലംഘനം നടത്താനുളള ഗൂഢശക്തികളുടെ നീക്കം ദൃശ്യങ്ങളിലൂടെയും വാർത്തകളിലൂടെയും ദേശീയതലത്തിൽ ജനം ടിവി ചർച്ചയാക്കി.
മറ്റ് മലയാളം ചാനലുകൾ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ഒരു ഭാഗം മാത്രം പ്രേക്ഷകരിൽ എത്തിക്കാൻ മത്സരിച്ചപ്പോൾ ഭക്തരോടുളള പൊലീസിന്റെ ക്രൂരതയുൾപ്പെടെ ക്യാമറയിൽ പകർത്തി ജനങ്ങൾക്ക് മുൻപിൽ തുറന്നുകാട്ടിയത് ജനം ടിവിയാണ്. ഒടുവിൽ ഗത്യന്തരമില്ലാതെ ജനം കാണിച്ച വഴിയിലൂടെ മറ്റ് മാദ്ധ്യമങ്ങൾക്കും പിന്തുടരേണ്ടി വന്നതും പൊതുസമൂഹം കണ്ടു. ആചാരലംഘനത്തിന് ഒത്താശ ചെയ്ത സംസ്ഥാനത്തെ ഇടതു സർക്കാരിന്, ഒടുവിൽ നിലപാടിൽ നിന്ന് പിന്നോട്ടുപോകേണ്ടി വന്നതിന് പിന്നിലും ജനം ടിവിയുടെ പങ്ക് വലുതായിരുന്നു.
ദേശീയ ചിന്താധാരകൾക്കെതിരെയുള്ള ഏത് ശ്രമങ്ങളേയും പ്രതിരോധിക്കാൻ ജനം എന്നും മുന്നിലുണ്ടായിരുന്നു. ആരും കൊടുത്തില്ലെങ്കിലും ജനം വാർത്ത കൊടുക്കുമെന്ന വിശ്വാസമായിരുന്നു ഇതിലൂടെ പ്രേക്ഷകരിൽ ഉടലെടുത്തത്. ആ വിശ്വാസം തന്നെയാണ് ഇന്നും ജനം ടിവിയുടെ മുതൽക്കൂട്ട്.
ഇതുവരെ നിങ്ങൾ തന്ന എല്ലാ സ്നേഹത്തിനും നിറഞ്ഞ നന്ദി.. ഒപ്പം ഇനിയും ജനത്തോടൊപ്പം ഉണ്ടാകണമെന്ന് സ്നേഹത്തിന്റെ ഭാഷയിൽ അഭ്യർത്ഥിക്കുന്നു.













