പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കന്യാകുമാരി സന്ദർശനമാണ് ഇപ്പോൾ ലോകശ്രദ്ധ പിടിച്ചുപ്പറ്റുന്നത്. കന്യാകുമാരി ദേവിയെ വണങ്ങി ഏകാന്ത ധ്യാനത്തിന് വിവേകാനന്ദപ്പാറയിലെത്തിയതാണ് പ്രധാനമന്ത്രി. വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിൽ 45 മണിക്കൂർ നീളുന്ന ധ്യാനത്തിന് അദ്ദേഹം തുടക്കം കുറിച്ചു കഴിഞ്ഞു. രാജ്യമൊട്ടാകെ തെരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി ധ്യാനത്തിനായി കന്യാകുമാരിയിൽ എത്തിയിരിക്കുന്നത്.
നരേന്ദ്രമോദി വിവേകാനന്ദ പാറയിൽ നടത്തുന്ന ആദ്യ സന്ദർശനമാണിതെന്നാണ് പലരുടെയും ധാരണ. എന്നാൽ, മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം വിവേകാന്ദപ്പാറയിൽ എത്തിയിരുന്നു. ആ ചരിത്ര സംഭവത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം,
കശ്മീരിലെ ഭീകരവാദത്തിന്റെ വേരുകൾ അറത്തുമാറ്റാൻ 33 വർഷങ്ങൾക്ക് മുമ്പ് ബിജെപി ഒരു യാത്ര ആരംഭിച്ചിരുന്നു. ഭാരതം കണ്ട ഏറ്റവും വലിയ യാത്രകളിലൊന്ന്. 1990-ലെ രാം രഥയാത്ര മാത്രമല്ല, 1991-ലെ ഏകതാ യാത്രയും ഭാരതത്തിലെ ജനങ്ങൾക്ക് മറക്കാൻ കഴിയില്ല. അന്നത്തെ ബിജെപി അദ്ധ്യക്ഷൻ മുരളി മനോഹർ ജോഷിയുടെ നേതൃത്വത്തിൽ നടന്ന ഏകതാ യാത്രയുടെ മുഖ്യസംഘാടകനായിരുന്ന ഒരു ആർഎസ്എസ് പ്രചാരക് ഉണ്ടായിരുന്നു. ആ മനുഷ്യന്റെ പേരാണ് നരേന്ദ്ര ദാമോദർദാസ് മോദി, ഭാരതത്തിന്റെ പ്രധാനമന്ത്രി.
1991 ഡിസംബർ 11-ന് കന്യാകുമാരിയിൽ നിന്നാണ് രാഷ്‌ട്രീയ ഏകതാ യാത്ര ആരംഭിച്ചത്. 15,000 കി.മീ പിന്നിട്ട് ശ്രീനഗറിലെ ലാൽ ചൗക്കിൽ റിപ്പബ്ലിക് ദിനത്തിൽ ത്രിവർണ പതാക ഉയർത്തുകയായിരുന്നു യാത്രയുടെ ലക്ഷ്യം. ഭീകരവാദത്തിന്റെ കേന്ദ്രമായിരുന്ന കശ്മീരിൽ ഭാരതത്തിന്റെ പതാക ഉയർത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളി മോദി ഏറ്റെടുത്തത് വിവേകാന്ദപ്പാറയിലെ സ്വാമി വിവേകാനന്ദന്റെ പ്രതിമയിൽ പ്രദക്ഷിണം വച്ച് പുഷ്പാർച്ചന നടത്തിയായിരുന്നു.
കോൺഗ്രസ് ഭരണ കാലത്ത്, കശ്മീരിൽ ദേശീയ പതാക ഉയർത്താൻ പോലും ഭയന്നിരുന്നു. ആ കാലത്താണ് നരേന്ദ്രമോദിയും സംഘവും ലാൽ ചൗക്കിലേയ്‌ക്ക് ഏകതാ യാത്ര നടത്തിയത്. ജമ്മു കശ്മീർ ഭാരതത്തിന്റെ ഭാഗമാണ്, മറ്റാർക്കും വിട്ടു തരില്ല എന്ന ശക്തമായ സന്ദേശം രാജ്യത്തും അന്തർദേശീയ തലത്തിലും എത്തിക്കാൻ ബിജെപി തീരുമാനിച്ചു. അങ്ങനെ, ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർത്തികൊണ്ട് നരേന്ദ്രമോദിയും ബിജെപിയും രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി.
അന്നു തുടങ്ങി വച്ച യാത്ര എല്ലാതരത്തിലും പൂർത്തിയാക്കിയ ശേഷമാണ് 33 വർഷങ്ങൾക്കിപ്പുറം ആരംഭം കുറിച്ച ഇടത്തുതന്നെ നരേന്ദ്രമോദി തിരികെയെത്തിയത്. പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ അടുത്ത നിമിഷം മുതൽ കശ്മീരിലെ ഭീകരവാദം വേരോടെ പിഴുതെറിയാനുള്ള പ്രവർത്തനം അദ്ദേഹം തുടങ്ങി. ആർട്ടിക്കിൾ 370 റദ്ദാക്കികൊണ്ട് ഭീകരവാദത്തിന്റെ നെറുകിൽ തന്നെ അടികൊടുത്തു. ജമ്മു കാശ്മീരിൽ സമാധാനം പുനസ്ഥാപിച്ചു.
ഇന്ന് കശ്മീർ ശാന്തമാണ്. സൈന്യത്തിന് നേരെ കല്ലുകൾ എറിയാൻ കൈകൾ ഉയരുന്നില്ല, ലാൽ ചൗക്കിൽ മാത്രമല്ല കശ്മീർ താഴ്വരകളിലും അതിർത്തികളിലും വരെ ത്രിവർണ പതാക പാറുന്നു. ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കിയ ശേഷം നരേന്ദ്രൻ കന്യാകുമാരിൽ തിരികെയെത്തി ധ്യാനത്തിലമർന്നു, പുതിയ ദൗത്യം ഏറ്റെടുക്കാനുള്ള ഊർജ്ജത്തിനായി.















