ജയ്പൂർ: ഉഷ്ണതരംഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി. കൊടുംചൂടിലും ഉഷ്ണതരംഗത്തിലും രാജസ്ഥാനിൽ അഞ്ച് പേർ മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ സ്വമേധയാ വിഷയം പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട മാദ്ധ്യമറിപ്പോർട്ടുകൾ വസ്തുതകൾക്ക് അപ്പുറമാണെന്ന് കോടതി നിരീക്ഷിച്ചു. ചൂട് മൂലം മരിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. ജസ്റ്റീസ് അനൂപ് കുമാർ ധൻദിന്റെ സിംഗിൾ ബെഞ്ചാണ് വിഷയം പരിഗണനയ്‌ക്ക് എടുത്തത്. ഉഷ്ണതരംഗവും ശീതക്കാറ്റും ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആയിരുന്നു കോടതിയുടെ നിർദ്ദേശം.
ഉഷ്ണതരംഗത്തെ അതിജീവിക്കാനുളള കർമ്മ പദ്ധതി തയ്യാറാക്കാൻ വിവിധ ഡിപ്പാർട്ട്‌മെന്റുകളുമായി ചേർന്ന് പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്ന് രാജ സ്ഥാൻ ചീഫ് സെക്രട്ടറിയോട് കോടതി നിർദ്ദേശിച്ചു. രാജസ്ഥാൻ കാലാവസ്ഥാമാറ്റ പ്രൊജക്ടിന് കീഴിൽ കർമ്മ പദ്ധതി തയ്യാറാക്കണമെന്നാണ് നിർദ്ദേശം.
രാജ്യം മുഴുവൻ ചൂട് അങ്ങേയറ്റം ഉയർന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റി സാഹചര്യങ്ങൾ വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. സംസ്ഥാനത്തിന് പൊതുവായി നടപ്പാക്കാവുന്ന കാര്യങ്ങളും കോടതി മുന്നോട്ടുവെച്ചു. റോഡിൽ ഇടവിട്ട് വെളളം തളിക്കുന്നതും ട്രാഫിക് സിഗ്നലുകളിൽ കൂളിംഗ് സ്‌പെയ്‌സും ഷെയ്ഡുകളും ഉൾപ്പെടെ ഏർപ്പെടുത്തുന്നതും ഉചിതമായിരിക്കുമെന്ന് കോടതി നിർദ്ദേശിച്ചു.
ഉഷ്ണതരംഗം നേരിടുന്നവരെ ചികിത്സിക്കാൻ ആവശ്യമായ സംവിധാനങ്ങൾ എല്ലാ ഹെൽത്ത് സെന്ററുകളിലും ഒരുക്കണം. തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന എല്ലാവർക്കും പ്രത്യേകിച്ച് റിക്ഷാവലിക്കാർക്കും ചുമട്ടു തൊഴിലാളികൾ ഉൾപ്പെടെയുളളവർക്കും ചൂട് അധികമാകുന്ന 12 മണി മുതൽ വൈകിട്ട് 3 മണിവരെ വിശ്രമം അനുവദിക്കുന്നതും ഉചിതമായിരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.















