കോഴിക്കോട്: ഹോട്ടലിലെ മാലിന്യടാങ്ക് ശുചീകരിക്കാനെത്തിയ രണ്ട് പേർ ശ്വാസം കിട്ടാതെ മരിച്ചു. കോവൂർ ഇരിങ്ങാടൻപള്ളിയിലാണ് സംഭവം. വൈകിട്ട് നാല് മണിയോടെയാണ് ടാങ്ക് വൃത്തിയാക്കാനെത്തിയവർ ശ്വാസം കിട്ടാതെ മരിച്ചത്.കൂരാച്ചുണ്ട് സ്വദേശി റിനീഷ്, കിനാലൂർ സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
എട്ട് അടിയോളം ആഴമുള്ള കുഴി വൃത്തിയാക്കാനാണ് ഇരുവരെയും ഹോട്ടൽ ഉടമ വിളിച്ചുവരുത്തിയത്. ആദ്യം ഇറങ്ങിയ ആൾക്ക് ഓർമ്മയും ബോധവും നഷ്ടപ്പെട്ടു. പിന്നാലെ രണ്ടാമത്തെയാളും ഇറങ്ങുകയായിരുന്നു. ഫയർഫോഴ്‌സ് സംഘം ഉടൻ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടടിയോളം വെള്ളമുണ്ടായിരുന്നെന്നാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
രക്ഷാപ്രവർത്തനത്തിനിടെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കും ശ്വാസം മുട്ടി. ഹോട്ടൽ ഉടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.















