ആലപ്പുഴ: മോട്ടോർ വാഹന വകുപ്പിനെയും മാദ്ധ്യമങ്ങളെയും പരിഹസിച്ച് സഞ്ജു ടെക്കിയുടെ പുതിയ യൂട്യൂബ് വീഡിയോ. തനിക്കെതിരെ കേസെടുത്തതിന് ശേഷം തന്റെ യൂട്യൂബ് ചാനലിന്റെ റീച്ച് കൂടിയെന്ന് സഞ്ജു ടെക്കി അവകാശപ്പെട്ടു. പാൻ ഇന്ത്യൻ ലെവലിലാണ് വീഡിയോയുടെ റീച്ച് കയറിയിരിക്കുന്നതെന്നും ഇതിന് സഹായിച്ച മോട്ടോർ വാഹന വകുപ്പിന് നന്ദിയുണ്ടെന്നും സഞ്ജു ടെക്കി വീഡിയോയിൽ പറയുന്നു.
10 ലക്ഷം രൂപ നൽകിയാലും ഒരു പക്ഷേ ഇത്ര റീച്ച് തനിക്ക് ലഭിക്കില്ലെന്നും സഞ്ജു വീഡിയോയിൽ പറയുന്നുണ്ട്. ഇതിനുപുറമെ മലപ്പുറത്ത് വച്ച് മോട്ടോർ വാഹനവകുപ്പിന്റെ മൂന്ന് ദിവസത്തെ ക്ലാസ് നടക്കുന്നുണ്ടെന്നും ഇതിന്റെ വീഡിയോയും വ്‌ളോഗായി താൻ പങ്കുവയ്‌ക്കുമെന്നും ഇയാൾ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ഓടിക്കൊണ്ടിരുന്ന ടാറ്റ സഫാരി കാറിൽ ടാർപ്പോളിൻ കൊണ്ട് ‘ആവേശം’ സിനിമാ മോഡൽ സ്വിമ്മിംഗ് പൂളുണ്ടാക്കി കുളിക്കുന്നതിന്റെ ദൃശ്യം സഞ്ജു ടെക്കി യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. തൊട്ടുപിന്നാലെ സഞ്ജുവിനെ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും വാഹനം ഓടിച്ച യുവാവിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തിരുന്നു. കാറിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിലേക്കും മോട്ടോർ വാഹന വകുപ്പ് കടന്നിരുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹ്യസേവനം ചെയ്യണമെന്ന ശിക്ഷയും സഞ്ജുവിനും കസ്റ്റഡിയിലെടുത്ത മറ്റ് മൂന്ന് പേർക്കും മോട്ടോർ വാഹന വകുപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോയുമായി സഞ്ജു എത്തിയത്.















