തിരുവനന്തപുരം: മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജാമ്യം നൽകിയത് നിരാശാജനകമെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ്. ജാമ്യം നൽകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മരണ വാർത്ത അറിഞ്ഞപ്പോഴുണ്ടായ അതേ വേദനയാണ് ജാമ്യം ലഭിച്ചപ്പോൾ ഉണ്ടായതെന്നും ജയപ്രകാശ് പറഞ്ഞു. സിദ്ധാർത്ഥിന്റെ മരണത്തിൽ പിടിയിലായ പ്രതികൾക്ക് ജാമ്യം കിട്ടിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സർക്കാരിന്റെ ആഭ്യന്തരവകുപ്പ് എല്ലാ തെളിവുകളും നശിപ്പിച്ചു. ജാമ്യം കിട്ടിയെന്ന് കരുതിയാൽ കുറ്റ വിമുക്തനായി എന്നല്ല, തന്റെ മകന്റെ മരണത്തിന് പിന്നിൽ നിരവധി പേരുണ്ട്. എല്ലാവർക്കും ശിക്ഷ വാങ്ങി നൽകുമെന്നും പിതാവ് പ്രതികരിച്ചു. എസ്എഫ്ഐ നേതാക്കളിൽ അന്വേഷണം എത്തിയതോടെ കേസ് വഴിതെറ്റിയെന്നും നിയമപരമായി ഇനിയും മുന്നോട്ട് പോകുമെന്നും ജയപ്രകാശ് പറഞ്ഞു.
സിബിഐയുടെ അന്വേഷണത്തിന്റെ പുരോഗതി ഞങ്ങളോട് ഒരിക്കലും പറയില്ല. നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. അന്വേഷിക്കുന്ന കാര്യങ്ങൾ പുറത്ത് വിട്ടാൽ അവരുടെ വഴി തെറ്റിപ്പോകും. പ്രതികൾക്ക് ഉപാധികളോടെ ജാമ്യം നൽകിയിരിക്കുകയാണ്. പുറത്ത് പുറത്തുവിട്ടുകഴിഞ്ഞാൽ, ആ ക്രിമിനലുകൾ ഏത് വിധത്തിലും തെളിവ് നശിപ്പിക്കും. സാക്ഷികളെയും സ്വാധിനിക്കും. ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും സിദ്ധാർത്ഥിന്റെ പിതാവ് വ്യക്തമാക്കി.
പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ പിടിയിലായ പ്രതികൾക്ക് ഇന്ന് ഉച്ചയോടെയാണ് ജാമ്യം ലഭിച്ചത്. വിദ്യാർത്ഥികളുടെ പ്രായം, വിദ്യാഭ്യാസം തുടങ്ങിയവ പരിഗണിച്ചാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.















