ന്യൂഡൽഹി: എഎപി എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ ഡൽഹി കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി തീസ് ഹസാരി കോടതിയാണ് വിധിപറഞ്ഞത്. 3 ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതോടെയാണ് ഡൽഹി പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡി കാലാവധി നീട്ടുന്നതിനായി അപേക്ഷിച്ചത്.
ബൈഭവ് കുമാറിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് രജത് ഭരദ്വാജ് പൊലീസിന്റെ ആവശ്യത്തെ ശക്തമായി എതിർത്തു. ഒരിക്കലും അന്വേഷണത്തിൽ ഇടപെടില്ലെന്ന് ബൈഭവ് കുമാർ കോടതിയിൽ പറഞ്ഞു. എല്ലാ സാക്ഷികളും ഗവൺമെന്റ് ഉദ്യോഗസ്ഥരാണ്. അതിനാൽ അവരെ സ്വാധീനിക്കാൻ മാത്രം ശക്തിയുള്ള ആളല്ല താനെന്നും കേസിൽ അന്വേഷണ ഏജൻസിക്കു മുൻപാകെ ഹാജരാകാൻ താൻ സ്വയം സന്നദ്ധത പ്രകടിപ്പിച്ചുവെന്നും ബൈഭവ് കോടതിയെ ബോധിപ്പിച്ചു.
നേരത്തെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബൈഭവ് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. ആം ആദ്മി എംപി സ്വാതി മാലിവാളിന്റെ കെജ്‌രിവാളിന്റെ വസതിയിൽ വച്ച് ആക്രമിച്ചകേസിൽ മെയ് 18 നാണ് ബൈഭവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ബൈഭവ് കുമാർ തന്നെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് മാലിവാൾ പരാതിയിൽ ആരോപിക്കുന്നു. ഇത് സംബന്ധിച്ച സിസി ടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.