ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ കസ്റ്റഡിയിൽ വിട്ടു. ജൂൺ ആറ് വരെയാണ് കസ്റ്റഡിയിൽ വിട്ടത്. 14 ദിവസത്തെ കസ്റ്റഡി കാലാവധി അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും കോടതി അുവദിച്ചില്ല. എല്ലാ ദിവസവും രാവിലെ 9.30 മുതൽ 10.30 വരെ പ്രജ്വലിനെ കാണാൻ അഭിഭാഷകർക്ക് കോടതി അനുമതിയുണ്ട്.
പ്രതി നിർണായക തെളിവുകൾ നശിപ്പിച്ചുവെന്നാണ് അന്വേഷണ സംഘം കോടതിയിൽ പറഞ്ഞത്. മാദ്ധ്യമ വേട്ട നേരിട്ടെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കസ്റ്റഡിയിൽ നൽകരുതെന്നും പ്രജ്വൽ കോടതിയിൽ വാദിച്ചു. കേസന്വേഷണം മുന്നോട്ട് പോകണമെങ്കിൽ പ്രജ്വലിനെ വിശദമായി ചോദ്യം ചെയ്യണമെന്ന അന്വേഷണ സംഘത്തിന്റെ വാദത്തിനൊടുവിലാണ് കോടതി കസ്റ്റഡി അനുമതി നൽകിയത്.
ജർമ്മനിയിൽ 33 ദിവസം ഒളിവിലായിരുന്ന പ്രജ്വൽ ഇന്ന് പുലർച്ചെയോടെ ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർന്ന് മൂന്നംഗ വനിതാ പൊലീസ് സംഘമാണ് പ്രജ്വലിനെ അറസ്റ്റ് ചെയ്തത്. സിറ്റി ആശുപത്രിയിൽ ആരോഗ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.















