നാഗ്പൂർ: കഴിഞ്ഞ ദിവസമാണ് രാജ്യ തലസ്‌ഥാനമായ ഡൽഹിയിൽ റെക്കോർഡ് താപനിലയായ 52 .9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ അസാധാരണമാംവിധം താപനില രേഖപ്പെടുത്തിയിരിക്കുകയാണ് മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ . 56 ഡിഗ്രി സെൽഷ്യസ് ആണ് സ്‌ഥലത്ത് രേഖപ്പെടുത്തിയ ചൂട്. നാഗ്പൂർ രാംദാസ്പെത്തിൽ സ്‌ഥിതിചെയ്യുന്ന ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷനിലാണ് 56 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയത്. അതേസമയം നാഗ്പൂരിലെ സോനേഗൻ, കാപ്രി എന്നീ വെതർ സ്റ്റേഷനുകളിൽ യഥാക്രമം 54 ഡിഗ്രി സെൽഷ്യസ്, 44 ഡിഗ്രി സെൽഷ്യസ് ആണ് ചൂട് രേഖപ്പെടുത്തിയത്.
രാജ്യമൊട്ടാകെ ഉഷ്‌ണതരംഗത്തിൽ ഇതുവരെ 54 പേർ മരണമടഞ്ഞു എന്നാണ് റിപ്പോർട്ട്. ഇതിൽ 32 പേർ ബിഹാറിൽ നിന്നും 10 പേർ ഒഡിഷയിലെ റൂർക്കേലയിൽ നിന്നുമാണ്. ജാർഖണ്ഡിലും രാജസ്ഥാനിലും 5 മരണങ്ങൾ വീതം സ്‌ഥിരീകരിച്ചപ്പോൾ ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ ഒരു മരണം രേഖപ്പെടുത്തി. നേരത്തെ ബിഹാറിലെ ദർബംഗയിൽ നിന്നുള്ള 40 കാരൻ അത്യുഷ്ണം മൂലം മരണമടഞ്ഞിരുന്നു.
അതേസമയം കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പഞ്ചാബ്, ഹരിയാന ചണ്ഡീഗഡ്, ഡൽഹി, രാജസ്‌ഥാൻ , ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ എന്നീ സംസ്‌ഥാനങ്ങളിൽ മെയ് 31 മുതൽ ജൂൺ 1 വരെ അത്യുഷ്‌ണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മധ്യപ്രദേശ് , വിദർഭ, ഉത്തരാഖണ്ഡ് സംസ്‌ഥാനങ്ങളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മെയ് 31 നും ഉഷ്‌ണതരംഗമുന്നറിയിപ്പുണ്ട്. കൊങ്കൻ, ഗോവ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ടസ്‌ഥലങ്ങളിൽ മെയ് 31 മുതൽ ജൂൺ 1 വരെ ചൂടും തണുപ്പും കലർന്ന കാലാവസ്‌ഥയാണ് പ്രതീക്ഷിക്കുന്നത്.















