കൂവളത്തിന്റെ ഇലയെക്കുറിച്ചും അതിന്റെ ഔഷധഗുണങ്ങളെക്കുറിച്ചും അറിയാത്തവർ വിരളമായിരിക്കും. എന്നാൽ കൂവളപ്പഴം ഉപയോഗിച്ചിട്ടുണ്ടോ? കേരളത്തിൽ ധാരാളം കാണുന്ന മരമാണ് കൂവളമെങ്കിലും ഇതിന്റെ കായകൾ വേണ്ടവിധത്തിൽ നാം പ്രയോജനപ്പെടുത്തിയിട്ടില്ലെന്നതാണ് സത്യം. ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഫലവർഗമാണ് കൂവളപ്പഴം. ചകിരി പോലെ ധാരാളം നാരുകൾ ഇതിലുള്ളതിനാൽ ഈ പഴം വെറുതെ കഴിക്കാൻ അൽപം ബുദ്ധിമുട്ടാണ്. ജ്യൂസ് അടിച്ച് കുടിക്കുന്നത് വളരെയധികം നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പുറംതോട് കട്ടിയായി ബ്രൗൺ നിറമാകുമ്പോഴാണ് ഈ ഫലം ഉപയോഗിക്കാൻ നല്ലത്. ഉത്തരേന്ത്യയിലാണ് കൂവളപ്പഴത്തിന്റെ ജ്യൂസ് പൊതുവെ കടകളിലൊക്കെ വിൽക്കുന്നത്. എന്നാൽ ഇനി നമുക്കും ഒന്ന് ട്രൈ ചെയ്ത് നോക്കാം..
കൂവളപ്പഴം ജ്യൂസ്
പഴുത്ത കൂവളപ്പഴം തോട് പൊട്ടിച്ച ശേഷം കാമ്പ് മുഴുവനായി ഒരു പാത്രത്തിലേക്കിടുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി പിഴിഞ്ഞെടുത്ത് നാരുകൾ നീക്കം ചെയ്യുക. തുടർന്ന് ഒരു അരിപ്പ ഉപയോഗിച്ച് ഇത് അരിച്ചെടുക്കാം. മധുരത്തിനായി ശർക്കരയോ, പഞ്ചസാരയോ അൽപം തേനോ ചേർത്ത് കുടിക്കാവുന്നതാണ്.
ഗുണങ്ങൾ
പുറംതോട് തേങ്ങ പോലെ കട്ടിയുള്ളതിനാൽ പക്ഷികളും ചെറു ജീവികളും കൂവളപ്പഴം ഉപയോഗിക്കാതെ, താഴെ വീണ് ഇത് കേടുവന്ന് പോകാറാണ് പതിവ്. എന്നാൽ ഇങ്ങനെ കളയുന്ന കൂവളപ്പഴം ആള് നിസാരക്കാരനല്ല. ധാരാളം നാരുകളടങ്ങിയിട്ടുള്ളതിനാൽ ദഹനം മെച്ചപ്പെടുത്താനും വയറുകളിലെ അസ്വസ്ഥതകൾ കുറയ്‌ക്കാനും കൂവളപ്പഴം ജ്യൂസടിച്ച് കുടിക്കുന്നത് ഉത്തമമാണ്.
ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും വൃക്കകളുടെ ശുചീകരണത്തിനും ഉത്തമമാണ് ഈ ഫലവർഗം. പ്രമേഹം നിയന്ത്രിച്ച് നിർത്തുന്നതിനും ഇത് സഹായിക്കുന്നു. ഇത്തരത്തിൽ വളരെയധികം ഔഷധ ഗുണങ്ങളാണ് കൂവളപ്പഴത്തിൽ അടങ്ങിയിട്ടുള്ളത്. വുഡ് ആപ്പിൾ, ബെയ്ൽ ഫ്രൂട്ട് എന്നീ പേരുകളിലും ഈ പഴം അറിയപ്പെടുന്നു.















