ഇടുക്കി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കിയിൽ അതീവജാഗ്രത തുടരുന്നു. തൊടുപുഴ ഉൾപ്പെടെയുള്ള ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. അറബിക്കടലിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ ഇന്ന് ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തിയതിനാൽ മുവാറ്റുപുഴ, തൊടുപുഴ ആറിന്റെ സമീപത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകി. വെളിയാമറ്റത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്.
കോട്ടയം, പാലാ , മീനച്ചിൽ , കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ മഴയ്‌ക്ക് ശമനമുണ്ട്. തോരാതെ പെയ്ത മഴ ആശങ്ക സൃഷ്ടിച്ചെങ്കിലും നിലവിൽ തെളിഞ്ഞ കാലാവസ്ഥയാണ് ജില്ലയിൽ. മെഡിക്കൽ കോളേജ് ന്യൂറോ ICU വിന് സമീപത്തും കൂട്ടിരിപ്പുകാർ ഇരിക്കുന്ന ഭാഗത്തും OP ബ്ലോക്കിലും മഴയെ തുടർന്ന് വെള്ളക്കെട്ടുണ്ടായി. 31 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിലുള്ളത്.
എറണാകുളത്തും തൃശൂരും കനത്തമഴയാണ്. ഇരു ജില്ലകളുടെയും പ്രധാന നഗരകേന്ദ്രങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതാഗത കുരുക്കുമുണ്ടായി. ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്തുള്ള റോഡിലും കടയിലും വെള്ളം കയറി. മഴയെ തുടർന്ന് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനവും താറുമാറായി. പുലർച്ചെ 4.30 ന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാനത്തിന്റെ സർവ്വീസ് റദ്ദാക്കി.
പുലർച്ചെ 3.30 ന് ദുബായിൽ നിന്നും എത്തിയ എമിറേറ്റസ് വിമാനം ബെംഗളുരുവിലേക്ക് വഴി തിരിച്ചുവിട്ട ശേഷം കാലാവസ്ഥ അനുകൂലമായതിന് ശേഷമാണ് കൊച്ചിയിൽ ഇറങ്ങിയത്.















