കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ബഹിരാകാശ മേഖലയിൽ പുത്തൻ കുതിപ്പുമായി ഇന്ത്യൻ സ്വകാര്യ ബഹിരാകാശ കമ്പനിയുടെ റോക്കറ്റ് കുതിച്ചുയർന്നത്. അഗ്നികുൽ കോസ്മോസ് വികസപ്പിച്ച വിക്ഷേപണ വാഹനമായ അഗ്നിബാൻ സോർട്ടഡ് പരീക്ഷണമാണ് വിജയിച്ചത്.
ഇന്ത്യയിൽ ആദ്യമായി സെമി ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ച റോക്കറ്റ് കൂടിയാണ് അഗ്നികുൽ കോസ്മോസ്. ഇതിന് പുറമേ ലോകത്തിലെ ആദ്യത്തെ സിംഗിൾ യൂണിറ്റ് 3ഡി പ്രിന്റ് ചെയ്ത എഞ്ചിനാണ് ഉപയോഗിച്ചിട്ടുണ്ട്. സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിൻ നിർമിക്കാൻ അഗ്നികുൽ കോസ്മോസ്, അഡിറ്റീവ് മാനുഫാക്ചറിംഗ് എന്ന 3ഡി പ്രിന്റിംഗ് വകഭേദമാണ് ഉപയോഗിച്ചത്.
ഒരു കടലാസിൽ നൂറുകണക്കിന് വൃത്തങ്ങൾ പ്രിന്റെടുത്ത ശേഷം മുറിച്ചെടുത്ത് മേൽക്കുമേൽ ഒട്ടിച്ചാൽ ഒരു കുഴൽ നിർമിക്കാം. അതുപോലെയാണ് അഡിറ്റീവ് മാനുഫാക്ചറിംഗ്. കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഡിസൈൻ തയ്യാറാക്കി സോഫ്റ്റ് വെയറിൽ അപ്ലോഡ് ചെയ്യും. അതിനെ എത്രത്തോളം ചെറിയ പാളികളാക്കി മുറിച്ചെടുക്കാൻ കഴിയുമെന്ന് നോക്കിയാണ് നിർമിക്കാനാവശ്യമായ വസ്തുക്കൾ നിറയ്‌ക്കുന്നത്. പ്ലാസ്റ്റിക്, കളിമണ്ണ്, ലോഹങ്ങൾ, ലോഹസങ്കരങ്ങൾ എന്നിവയാണ് ഉപയോഗിക്കുന്നത്.
റോക്കറ്റ് എഞ്ചിൻ നിർമിക്കുമ്പോൾ, വിവിധ ദിശകളിൽ ചലിക്കാൻ കഴിയുന്ന റോബോട്ടിക് യന്ത്രത്തിന്റെ നോസിലിലൂടെ തീരെ ചെറിയ പാളികളായി മേൽക്കുമേൽ ലോഹപ്പൊടി വിതറും. അതിലേക്ക് ലേസർ കിരണങ്ങൾ പതിപ്പിച്ച് ഉരുക്കി ചേർക്കും. എഞ്ചിന്റെ രൂപം പൂർത്തിയാകുന്നത് വരെ ഇത് ആയിരക്കണക്കിന് തവണ ആവർത്തിക്കും. ഇതിനിടയിൽ എഞ്ചിന്റെ ഉൾഭാഗത്ത് നിർമിക്കേണ്ട കുഴലുകൾ, വളയങ്ങൾ തുടങ്ങിയ ഘടകങ്ങളെല്ലാം രൂപപ്പെട്ടിട്ടുണ്ടാകും.
പരമ്പരാഗത റോക്കറ്റ് എഞ്ചിൻ നിർമാണത്തിന് ഉപയോഗിക്കുന്ന വെൽഡിംഗ്, സ്കൂ, നട്ട്, ബോൾട്ട് തുടങ്ങിയ ഒട്ടേറെ വസ്തുക്കൾ ഒഴിവാക്കാം. അഡിറ്റീവ് മാനുഫാക്ചറിംഗ് വഴി ചെലവ് കുറയ്‌ക്കാം. എഞ്ചിന്റെ ഉള്ളിലെ സങ്കീർണ ഘടകങ്ങൾ നിർമിച്ച് ചേർക്കാനുള്ള ബുദ്ധിമുട്ടും ഒഴിവാക്കാം.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്നാണ് അഗ്നിബാൻ പേടകം കുതിച്ചുയർന്നത്. 575 കിലോ ഭാരവും 6.2 മീറ്റർ നീളവുമുള്ള അഗ്നിബാണിന് 300 കിലോവരെയുള്ള പേലോഡ് വഹിച്ച് 700 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിലെത്തിക്കാനാവും. വാതകരൂപത്തിലും ദ്രവരൂപത്തിലുമുള്ള ഇന്ധനങ്ങളുടെ മിശ്രിതം ഉപയോഗിച്ചാണ് പ്രൊപ്പൽഷൻ സിസ്റ്റം. രണ്ട് മിനിറ്റിനുള്ളിൽ റോക്കറ്റ് ബംഗാൾ ഉൾക്കടലിൽ പതിച്ചു.















