ഹൈദരാബാദ്: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ ഹൈദരാബാദ് റാക്കറ്റിലെ മുഖ്യ കണ്ണി പിടിയിൽ. പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഹൈദരാബാദ് സ്വദേശിയായ ഇയാളെക്കുറിച്ച് മുഖ്യപ്രതി സാബിത്ത് മൊഴി നൽകിയിരുന്നു. പ്രതിയെ കേരളത്തിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.
കഴിഞ്ഞ ദിവസമാണ് കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സാബിത്ത് നാസറിനെ ഹൈദരാബാദിലെത്തിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അവയവക്കടത്ത് സംഘവുമായി ഇയാൾ ആദ്യം ബന്ധം സ്ഥാപിക്കുന്നത് ഹൈദരാബാദിൽ വച്ചാണെന്ന് കണ്ടെത്തിയിരുന്നു.
കേസിലെ നാലാം പ്രതി ആലുവ സ്വദേശി മധു ഇറാനിലാണ്. ഇയാളെ നാട്ടിലെത്തിക്കാനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും ഹൈദരാബാദ് സ്വദേശിയില്‍ നിന്നും തേടാനാണ് നീക്കം.