മലയാളത്തിന്റെ സ്വന്തം ഉണ്ണിമുകുന്ദനും, ബാലതാരം ദേവനന്ദയും കേന്ദ്ര കഥാപാത്രങ്ങളായി പുറത്തിറങ്ങിയ മാളികപ്പുറം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അണിയപ്രവർത്തകർ ഒന്നിക്കുന്ന മറ്റൊരു സിനിമയാണ് ‘ സുമതി വളവ്’. സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ്പിള്ള, സംഗീത സംവിധായകൻ രഞ്ജിൻരാജ് എന്നിവർ വീണ്ടും സുമതി വളവിലൂടെ ഒരുമിച്ചെത്തുമ്പോൾ ഒരു ഹൊറർ ത്രില്ലർ സിനിമയ്‌ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. സിനിമയുടെ രസകരമായ വിശേഷങ്ങളാണ് അടുത്തിടെ നടന്ന പരിപാടിയിൽ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള വെളിപ്പെടുത്തിയിരിക്കുന്നത്.
സുമതി വളവിന്റെ കഥ എഴുതിയത് പകലാണെന്നാണ് അഭിലാഷ് പറയുന്നത്. രാത്രി എഴുതാൻ പേടിയായതിനാൽ പകലിരുന്നും പേടിച്ചു വിറച്ചാണ് കഥ പൂർത്തിയാക്കിയതെന്നും സിനിമയുടെ റീ വർക്കുകൾ വിഷ്ണുവിനൊപ്പം രാത്രിയിരുന്നാണ് ചെയ്തതെന്നും അഭിലാഷ് പറയുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന തിരുവനന്തപുരത്തെ സുമതി വളവിനെ ആസ്പദമാക്കിയല്ല കഥ നീങ്ങുന്നതെന്നും കേട്ടുമറന്ന, പ്രദേശത്തെ പഴയൊരു പീടികയെ ആസ്പദമാക്കിയാണ് കഥ നീങ്ങുന്നതെന്നും അദ്ദേഹം പരിപാടിയിൽ പറഞ്ഞു.
1993 കാലഘട്ടമാണ് സുമതി വളവിൽ ചിത്രീകരിച്ചിരിക്കുന്നത്. മലയാള സിനിമയ്‌ക്ക് സമ്മാനിച്ച ഹിറ്റ് സിനിമകളിലൊന്നായ മണിച്ചിത്രത്താഴും ഈ കാലഘട്ടത്തിലാണ് പുറത്തിറങ്ങിയത്. മണിചിത്രത്താഴ് റിലീസായ വർഷം സംഭവിക്കുന്ന കഥയായിട്ടാണ് സുമതി വളവിലെ ഒരു ഭാഗം സെറ്റ് ചെയ്തിരിക്കുന്നതെന്നും ബ്രിട്ടീഷ്‌കാരെയും 18-ാം നൂറ്റാണ്ടും എല്ലാം കൂട്ടിയിണക്കി ഒരുക്കിയ സിനിമയാണ് സുമതി വളവെന്നും അഭിലാഷ് പറഞ്ഞു.
ഓഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. അർജുൻ അശോകൻ, ശ്യാം, മാളവിക മനോജ്, സൈജു കുറിപ്പ്, ദേവനന്ദ, മണിയൻപിള്ള രാജു എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.















