ഷിംല: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മാണ്ഡി ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കങ്കണാ റണാവത്ത്. മാണ്ഡിയിലെ പോളിംഗ് ബൂത്തിലെത്തിയാണ് കങ്കണ വോട്ട് ചെയ്തത്. ജനാധിപത്യത്തിന്റെ ഉത്സവമാണിതെന്നും എല്ലാവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും കങ്കണ പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തരംഗം ഹിമാചൽപ്രദേശിലുണ്ട്. മാണ്ഡിയിലെ ജനങ്ങൾ ഞാൻ അധികാരത്തിലെത്തണം എന്ന് ആഗ്രഹിക്കുന്നു. സംസ്ഥാനത്തെ നാല് സീറ്റുകളും ബിജെപിയ്‌ക്ക് ലഭിക്കും. എന്റെ എല്ലാ പാർട്ടി പ്രവർത്തകരും ഇവിടുണ്ട്. കുടുംബത്തിന്റെ പേരിൽ മാത്രം ആളുകൾ വിജയിച്ചിരുന്ന കാലം മാറി. രാജ്യത്തെ ജനങ്ങൾ മുമ്പത്തേക്കാൾ കൂടുതൽ ബോധവാന്മാരാണ്- കങ്കണ പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിംഗിനെതിരെയാണ് കങ്കണ മത്സര രംഗത്തിറങ്ങുന്നത്. ഹിമാചലിലെ നാല് പാർലമെൻ്റ് സീറ്റുകളിൽ ഒന്നാണ് മാണ്ഡി ലോക്സഭാ മണ്ഡലം. 50.44 ശതമാനം വോട്ടാണ് ഹിമാചലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പോളിംഗ് കണക്കനുസരിച്ച്, ഷിംല ലോക്സഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്.















