കണ്ണൂർ: എസ്എസ്എൽസി മാർക്ക് കണക്ക് കൂട്ടിയതിൽ വീണ്ടും പിഴവ്. കണ്ണൂർ കണ്ണപ്പുരത്ത് വിദ്യാർത്ഥിനിയുടെ ഉത്തരക്കടലാസിലാണ് ഗുരുതര പിഴവ്. 20+20=20 എന്നായിരുന്നു ഉത്തരക്കടലാസിൽ രേഖപ്പെടുത്തിയിരുന്നത്. സംഭവത്തിൽ കുടുംബം ബാലാവകാശ കമ്മീഷന് പരാതി നൽകി.
ഗ്രേസ് മാർക്കോട് കൂടി ഫുൾ എ പ്ലസാണ് കിട്ടിയതെന്നാണ് ഫലത്തിലുണ്ടായിരുന്നത്. തുടർന്ന് ഏത് വിഷയത്തിനാണ് ഗ്രേസ് മാർക്ക് ലഭിച്ചതെന്ന് അറിയാനായി എല്ലാ വിഷയവും റീ വാല്യുവേഷനും ഫോട്ടോ കോപ്പിക്കും അപേക്ഷിച്ചു. ബയോളജിയുടെ ഉത്തര കടലാസിലാണ് 20+20=20 എന്ന് രേഖപ്പെടുത്തിയിരുന്നതെന്ന് വിദ്യാർത്ഥിനിയുടെ മാതാവ് പറഞ്ഞു.
ഒരു അദ്ധ്യാപികയുടെ ശ്രദ്ധക്കുറവ് കൊണ്ട് മകൾ പഠിക്കാനാഗ്രഹിച്ച സ്കൂൾ ലഭിച്ചില്ലെന്നും അമ്മ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് ബാലാവകാശ കമ്മീഷന് പരാതി നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു. ഗ്രേസ് മാർക്കോട് കൂടിയാണ് ഫുൾ എ പ്ലസ് ലഭിക്കുന്നതെങ്കിൽ പ്ലസ് വൺ അലോട്ട്മെന്റിൽ ബോണസ് പോയിന്റ് അധികം ലഭിക്കില്ല.
കഴിഞ്ഞ ദിവസവും സമാന രീതിയിൽ മാർക്ക് കണക്ക് കൂട്ടിയതിൽ പിഴവ് സംഭവിച്ചതായി കണ്ടെത്തിയിരുന്നു. കടന്നപ്പള്ളി സ്കൂളിലെ ധ്യാൻ കൃഷ്ണയ്‌ക്കും ജീവശാസ്ത്ര ഉത്തരക്കടലാസിലാണ് മാർക്കും എ പ്ലസും നഷ്ടമായത്. സ്കോർ ഷീറ്റിൽ 23-ഉം 17-ഉം കൂട്ടി 40-ന് പകരം 30 എന്ന് രേഖപ്പെടുത്തി. ഇതോടെ ഒരു വിഷയത്തിന് എ പ്ലസ് നഷ്ടമായി. പിന്നാലെ ഫുൾ എ പ്ലസ് എന്ന നേട്ടവും വിദ്യാർത്ഥിക്ക് സ്വന്തമാക്കാൻ സാധിച്ചില്ല.