ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാനെ വകവരുത്താൻ ലോറൻസ് ബിഷ്ണോയ് ഗ്യാങ് തയാറാക്കിയത് വമ്പൻ പദ്ധതിയെന്ന് പൊലീസ്. ഉന്നം പിഴയ്‌ക്കാത്ത പ്രായപൂർത്തിയാകാത്ത ഷാർപ്പ് ഷൂട്ടർമാരെയാണ് സൽമാനെ തീർക്കാൻ നിയോഗിച്ചിരുന്നത്. എകെ- 47, എം-16 അടക്കമുള്ള തോക്കുകൾ പാകിസ്താനിലെ വിതരണക്കാരനിൽ നിന്ന് വാങ്ങി. മഹാരാഷ്‌ട്രയിലെ പൻവേലിൽ വച്ച് സൽമാന്റെ കാർ ആക്രമിച്ച് കൊലപ്പെടുത്താനാണ് ലക്ഷ്യമിട്ടിരുന്നത്.
ബോളിവുഡ് വമ്പനെ ഏതുവിധേനയും തീർക്കാൻ 60 മുതൽ 70 വരെയുള്ള ആൾക്കാരാണ് ഗൂഢാലോചനയിൽ പങ്കെടുത്തതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വലിയാെരു ആയുധ ശേഖരവും ഇതിന് വേണ്ടി കരുതിയിരുന്നു. പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ രീതിയാണ് സംഘം അവലംബിക്കാനിരുന്നത്.
പ്രായപൂർത്തിയാകാത്ത ഷൂട്ടർമാരെ ഉപയോഗിച്ച് വഴിയിൽ കാർ തടഞ്ഞു ആക്രമിക്കുകയോ അദ്ദേഹത്തിന്റെ ആളൊഴിഞ്ഞ ഫാം ഹൗസിൽ ഇട്ട് കൊലപ്പെടുത്തുകയോ ആയിരുന്നു പദ്ധതി. അറസ്റ്റിലായ നാലുപേരാണ് ഗുഢാലോചനയുടെ ബുദ്ധി കേന്ദ്രം. അജയ് കശ്യപ്, ഗൗരവ് ഭാട്ടിയ, വാപ്സി ഖാൻ,റിസ്വാൻ ഖാൻ എന്നിവരാണ് പൊലീസ് പിടിയിലായത്.ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയ്, സഹോദരൻ അൻമോൽ ബിഷ്ണോയ് സഹായി ഗോൾഡി ബ്രാർ എന്നിവരാണ് പാകിസ്താനിൽ ഡീലറിൽ നിന്ന് ആയുധങ്ങൾ തരപ്പെടുത്തിയത്.