തൃശൂർ: പൂരം അലങ്കോലപ്പെടുത്തിയ സംഭവം അന്വേഷിക്കാൻ വസ്തുതാന്വേഷണ സമിതി രൂപീകരിച്ച് ഹൈന്ദവ സംഘടനകൾ. പൂരത്തിന്റെ ചടങ്ങുകൾക്കിടയിൽ നടന്ന അനിഷ്ട സംഭവങ്ങൾ, പോലീസ് ലാത്തി ചാർജ്, വെടിക്കെട്ട് യഥാസമയം നടത്താൻ കഴിയാതെ പോയത്, പൂരം, പൂരംപ്രദർശനം എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നേരിട്ട വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം.
ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ഇതിനായുള്ള സമിതിയെ നിയോഗിച്ചത്. റിട്ടയർഡ് ഹൈക്കോടതി ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ ചെയർമാനാകുന്ന സമിതിയിൽ ജസ്റ്റിസ് എ ഹരിപ്രസാദ്, പി.വേണുഗോപാൽ ഐ.എ.എസ്, ഡോ.എം. ലക്ഷ്മി കുമാരി, കെ.എൻ. ബാൽ (ഐ.പി.എസ്. റിട്ടയേഡ്), ശ്രീജിത് പണിക്കർ (സാമൂഹ്യ നിരീക്ഷകൻ) എന്നിവരാണ് സമിതി അംഗങ്ങൾ. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വ. സി. രാജേന്ദ്രനാണ് സമിതിയുടെ സെക്രട്ടറി.
തൃശൂർ പൂരം നടത്തിപ്പിൽ ഗുരുതര വീഴ്ച സംഭവിച്ച സാഹചര്യത്തിലാണ് ഹൈന്ദവ സംഘടകളുടെ നീക്കം. ചരിത്രത്തിലാദ്യമായി തൃശൂർ പൂരം ചടങ്ങുകൾ നിർത്തിവയ്‌ക്കുകയും വെടിക്കെട്ട് നടക്കുന്നതിൽ ഉൾപ്പടെ വലിയ രീതിയിൽ കാലതാമസം ഉണ്ടാവുകയും ചെയ്തിരുന്നു.