കഴിഞ്ഞ ദിവസങ്ങളിലായിരുന്നു റെമാൽ ചുഴലിക്കാറ്റ് വീശിയടിച്ചത്. വ്യാപക നാശനഷ്ടങ്ങളാണ് ചുഴലി സമ്മാനിച്ചത്. എന്നാൽ ഒരു കാറ്റ് വർഷങ്ങൾക്ക് ശേഷം ഒരു കുടുംബത്തെ ഒന്നിപ്പിച്ചതിന്റെ കഥയാണ് പശ്ചിമ ബംഗാളിൽ നിന്ന് പുറത്തുവരുന്നത്.
ഏകദേശം നാല് വർഷം മുൻപ് ബംഗ്ലാദേശിൽ നിന്ന് കാണാതായ, കുടുംബം മരിച്ചെന്ന് കരുതിയ ആളെയാണ് അനൂപ് സാസ്മൽ എന്ന സിവിൽ ഡിഫൻസ് വോളന്റിയർ തിരികെ രാജ്യത്തിക്കാൻ മുൻകയ്യെടുത്തിരിക്കുന്നത്.
റെമാൽ പ്രതിരോധത്തിന് മുന്നോടിയായി തീരപ്രദേശങ്ങളിൽ നിന്നും ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനിടയിൽ പശ്ചിമ ബംഗാളിലെ സൗത്ത് 24-പർഗാനാസ് ജില്ലയിലെ നംഖാനയിൽ നിന്ന് നദീതീരത്ത് നിന്നാണ് ഇയാളെ കണ്ടെത്തുന്നത്. ശക്തമായ കാറ്റ് വീശിയടിച്ചിട്ടും അദ്ദേഹം എഴുന്നേൽക്കാൻ കൂട്ടാക്കിയില്ലെന്ന് സാസ്മാൽ പറയുന്നു. അദ്ദേഹത്തിന് പേരോ മറ്റ് വിവരങ്ങളോ പങ്കുവയ്‌ക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം മാനസിക വെല്ലുവിളി നേരിടുന്നുവെന്നും സാസ്മാൽ കൂട്ടിച്ചേർത്തു.
അയളെ സാസ്മാൽ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. പിന്നീട് സർക്കാർ ആശ്രയ കേന്ദ്രത്തിലേക്ക് ഇയാളെ മാറ്റുകയും ചെയ്തു. ഇയാൾ ആവർത്തിച്ച് ബംഗ്ലാദേശിനെ കുറിച്ചും മത്സ്യങ്ങളെ കുറിച്ചും പറയുന്നുണ്ടായിരുന്നുവെന്നും സാസ്മാൽ പറഞ്ഞു. ഇതിനിടയിലാണ് ഇയാൾക്ക് ബംഗ്ലാദേശുമായി ബന്ധമുള്ളതായി തോന്നിയത്. കാണാതായവരുടെ കുടുംബങ്ങൾ വിവരങ്ങൾ അറിയിക്കുന്ന വെസ്റ്റ് ബംഗാൾ റേഡിയോ ക്ലബ് (WBRC) എന്ന സംഘടനയിലേക്ക് ഇയാളുടെ വിവരങ്ങൾ കൈമാറുകയായിരുന്നു.
ഇവർ അയാളുമായി സംസാരിച്ചതിൽ നിന്ന് മത്സ്യബന്ധനമോ മത്സ്യകൃഷിയോ നടത്തുന്ന ബംഗ്ലാദേശിയാണ് ഇയാളെന്ന് സംഘടനയിലെ അംഗങ്ങൾ തിരിച്ചറിഞ്ഞു. തുടർന്ന് ഈ വിവരം ബംഗ്ലാദേശിന് കൈമാറി. ഇത്തരത്തിൽ ഒരാളെ കാണാതായ കുടുംബത്തിന്റെ വിവരങ്ങൾ അവർക്ക് ലഭിച്ചെന്ന് WBRC സെക്രട്ടറി അംബരീഷ് പറഞ്ഞു. കോമില ജില്ലയിലെ നാഗോൽകോട്ട് സ്വദേശിയായ മിലാൻ ആണ് ഇന്ത്യയിലുള്ളതെന്ന് തിരിച്ചറിഞ്ഞു.
നാല് വർഷങ്ങൾക്ക് ശേഷം ഭാര്യയും മക്കളും അയാളെ വീഡിയോ കോളിൽ കണ്ടു. 9-ഉം 16-ഉം വയസുള്ള രണ്ട് മക്കളാണ് ഇയാൾക്കുള്ളത്. മത്സ്യബന്ധന തൊഴിലാളിയായിരുന്ന മിലൻ, മീൻ വാങ്ങാനായി പോകുന്നതിനിടയിലാണ് കാണാതാകുന്നത്. വൻ തുകയുമായാണ് അദ്ദേഹം വീട്ടിൽ നിന്നിറങ്ങിയത്. ഈ തുക കൊള്ളയടിച്ച് മിലനെ അപായപ്പെടുത്തിയതാകാമെന്നായിരുന്നു കാണാതായതിന് പിന്നാലെ കുടുംബം കരുതിയത്.
ബംഗാളിൽ എങ്ങനെ എത്തി എന്നത് ഇപ്പോഴും രഹസ്യമായി തുടരുകയാണ്. മിലനെ ബംഗ്ലാദേശിലെത്തിക്കുന്നതിനായി കേന്ദ്രത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കുടുംബം കത്തയച്ചിട്ടുണ്ട്. കുടുംബത്തിന്റെ നട്ടെല്ലായിരുന്ന മിലനെ ഒരു നോക്ക് കാണാനുള്ള കാത്തിരിപ്പിലാണ് കുടുംബം.















