രാജ്യത്തെ ആര് നയിക്കുമെന്ന് കണ്ടെത്താ ൻ ഇനി രണ്ട് രാത്രിയുടെ ദൂരം മാത്രം. വോട്ടെണ്ണൽ ഫലങ്ങൾ തത്സമയം ലഭ്യമാക്കാൻ സർവ സജീകരണങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടണ്ണൽ ഫലങ്ങൾ തത്സമയം ലഭ്യമാക്കി കേന്ദ്രീകൃത ഫലപ്രഖ്യാപനം നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കുന്ന എൻകോർ സോഫ്റ്റ് വെയറിന്റെ ട്രയൽ വിജയകരമായി. ഇതോടെ ലോകസ്ഭ തെരഞ്ഞെടുപ്പിന്‌റെ ഫലം വേഗത്തിൽ അറിയാനുള്ള സംവിധാനം സജ്ജമായി കഴിഞ്ഞു.
വോട്ടെണ്ണൽ ആരംഭിക്കുന്ന രാവിലെ എട്ട് മണി മുതൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും വോട്ടർ ഹെൽപ്പ് ലൈൻ ആപ്പിലും തത്സമയം ഫലം അറിയാൻ കഴിയുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ജയ് കൗൾ അറിയിച്ചു.
കമ്മീഷന്റെ എൻകോർ സോഫ്റ്റ് വെയറിൽ നിന്ന് results.eci.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഫലം തത്സമയം ലഭിക്കുക. ഓരോ റൗണ്ട് എണ്ണുമ്പോഴും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് അസി. റിട്ടേണിംഗ് ഓഫീസർമാർ തത്സമയം നൽകുന്ന ഫലമാണ് വെബ്സൈറ്റിൽ ലഭിക്കുക. ആദ്യമായാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത്തരത്തിൽ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിൽ നിന്നുള്ള ഫലങ്ങൾ ഏകീകൃത സംവിധാനം വഴി ലഭ്യമാകുന്നത്.
ആപ്പിന്റെ ഹോം പേജിലെ Election Results എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ Trend & Results എന്ന പേജിൽ ഫലത്തിന്റെ വിവരങ്ങൾ ലഭിക്കുകയും ചെയ്യും. ആപ്പ് ഗൂഗിൾ പ്ലേ സറ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാണ്.















