അഗ്നിപഥ് പദ്ധതിയിലൂടെ ഇന്ത്യൻ വ്യോമസേനയിൽ ഇടംനേടിയ ആദ്യ മലയാളി വനിത എന്ന ഖ്യാതി സ്വന്തമാക്കി 21-കാരി മേഘാ മുകുന്ദൻ. വ്യോമസേനയിൽ നിന്ന് വിരമിച്ച പിതാവിന്റെ പാത പിന്തുടർന്നാണ് പാലക്കാട് മലമ്പുഴ സ്വദേശി സൈനിക സേവനം തിരഞ്ഞെടുത്തത്. മേഘ അടക്കം രാജ്യമാകെയുള്ള 234 വനിതകളാണ് ചെന്നൈയിലെ താംബരം വ്യോമസേന താവളത്തിൽ നടഡന്ന പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്.
മലമ്പുഴ ശാസ്താ കേളനി വൃന്ദാവൻ നഗറിൽ മേഘമൽഹാറിൽ വിമുക്ത ഭടൻ കെ.വി മുകുന്ദന്റെയും സുമയുടെയും രണ്ട് മക്കളിൽ ഇളയ പുത്രിയാണ് മേഘ. പ്ലസ് ടു കാലഘട്ടത്തിലാണ് സൈന്യത്തിൽ ചേരണമെന്ന ആഗ്രഹം ഉടലെടുത്തത്. ബിരുദ പഠനം പൂർത്തിയാക്കി ബിരുദാനന്തര ബിരുദത്തിന് ചേർന്നതിനൊപ്പം അഗ്നിപഥ് പദ്ധതിയിലേക്കും അപേക്ഷിച്ചു. എഴുത്ത് പരീക്ഷയും കായികക്ഷമത പരീക്ഷയും കൊച്ചുമിടുക്ക് പാസായി. ആത്മവിശ്വസവും നിശ്ചയദാർഢ്യവുമായിരുന്നു മേഘയുടെ മുതൽക്കൂട്ട്. പിന്നാലെ മെഡിക്കൽ ടെസ്റ്റ് കൂടി പാസായതോടെ പരിശീലനത്തിന്റെ നാളുകൾ. ഡിസംബറിലാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തത്.
അഗ്നീവീർ എന്ന നിലയിൽ വ്യോമസേനയുടെ ഭാഗമായി തീർന്നതിൽ സന്തോഷമുണ്ടെന്ന് മേഘ പറഞ്ഞു. ഓഫീസറാകുന്നതിനുള്ള പരീക്ഷയ്‌ക്ക് തയ്യാറെടുപ്പ് തുടരുമെന്നും 21-കാരി കൂട്ടിച്ചേർത്തു.