ന്യൂഡൽഹി: മണിക്കൂറുകൾ വൈകിയ സർവീസിന് മാപ്പ് പറഞ്ഞ് എയർ ഇന്ത്യ. ക്ഷമാപണത്തിനൊപ്പം നഷ്ടപരിഹാരമായി യാത്രക്കാർക്ക് 29 ,000 രൂപ വീതമുള്ള വൗച്ചർ വാഗ്ദാനം ചെയ്യുകയും ചെയ്തു. 30 മണിക്കൂറിലധികം വൈകി സർവീസ് നടത്തിയ ന്യൂഡൽഹി-സാൻ ഫ്രാൻസിസ്‌കോ വിമാനത്തിലെ യാത്രക്കാർക്കാണ് നഷ്ടപരിഹാരം നൽകുക. 199 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച 3 .30 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 30 മണിക്കൂർ വൈകി വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര തിരിച്ചത്. സർവീസ് വൈകിയതിൽ വലഞ്ഞ യാത്രക്കാർ പ്രതിഷേധം അറിയിച്ചതോടെ സംഭവവുമായി ബന്ധപ്പെട്ട് ഡിജിസിഎ എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് കമ്പനി അധികൃതർ ക്ഷമാപണവുമായി എത്തിയിരിക്കുന്നത്. സാങ്കേതിക സാങ്കേതിക തകരാറും എയർ കണ്ടീഷനിംഗ് സിസ്റ്റം തകരാറിലായതുമാണ് സർവ്വീസ് വൈകാൻ കാരണമായി വിമാന കമ്പനി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.















