ന്യൂഡൽഹി: നോർവേയിലെ സ്റ്റാവാഞ്ചറിലുള്ള സ്പിസോ എന്ന സൗത്ത് ഇന്ത്യൻ റെസ്‌റ്റോറന്റ് ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ നിറഞ്ഞു നിൽക്കുന്നത്. ഇന്ത്യൻ ചെസ് താരങ്ങളായ ആർ.പ്രജ്ഞാനന്ദയും, വൈശാലിയും ഇരുവരുടേയും അമ്മയായ നാഗലക്ഷ്മിയും ഇവിടെ ഭക്ഷണം കഴിക്കാൻ എത്തിയതിന് പിന്നാലെയാണ് സ്പിസോ വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്. 2024 നോർവെ ചെസ്സ് ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് വേണ്ടി സ്റ്റാവാഞ്ചറിലെത്തിയ പ്രജ്ഞാനന്ദ, ഒഴിവ് ദിവസം കിട്ടിയപ്പോഴാണ് സ്പിസോയിൽ ഭക്ഷണം കഴിക്കാനെത്തിയത്.
ചിക്കൻ കറിയും, ദോശയും, കേരള പൊറോട്ടയുമാണ് ഇവർ ഇവിടെ നിന്ന് കഴിച്ചത്. സാധാരണയായി ടൂർണമെന്റുകൾക്ക് വിദേശരാജ്യങ്ങളിൽ പോകേണ്ടി വരുമ്പോൾ പ്രജ്ഞാനന്ദയും വൈശാലിയും വെജിറ്റേറിയൻ ഭക്ഷണമാണ് എല്ലായ്‌പ്പോഴും തിരഞ്ഞെടുക്കാറുള്ളത്. അല്ലാത്തപ്പോൾ ഇവരുടെ അമ്മ പാകം ചെയ്യുന്ന ഭക്ഷണമായിരിക്കും കഴിക്കുന്നത്. അതിന് ഒരു ചെറിയ മാറ്റം വരുത്തിക്കൊണ്ടാണ് ഇവർ സ്പിസോയിലെത്തുന്നത്.
മെനു കാർഡ് നോക്കിയ ശേഷം വൈശാലിയും നാഗലക്ഷ്മിയും പൊടിദോശയും പ്രജ്ഞാനന്ദ തമിഴ്നാട് സ്‌റ്റൈൽ ചിക്കൻ കറിയും കേരള പൊറോട്ടയും ഓർഡർ ചെയ്യുകയായിരുന്നുവെന്ന് സ്പിസോയുടെ ഉടമകളിൽ ഒരാളായ നിതീഷ് കാമത്ത് പറയുന്നു. വീണ്ടും ഭക്ഷണം കഴിക്കാൻ സ്പിസോയിൽ എത്താമെന്ന് ഉറപ്പ് നൽകിയാണ് ഇവർ മടങ്ങിയതെന്നും നിതീഷ് പറയുന്നു.
ഐടി മേഖലയിൽ ജോലി ചെയ്യുന്ന അഞ്ച് സുഹൃത്തുക്കൾ ചേർന്നാണ് സ്പിസോ ആരംഭിക്കുന്നത്. സൗത്ത് ഇന്ത്യൻ ഭക്ഷണങ്ങളോടുള്ള പ്രിയം കാരണമാണ് ഇവർ സൈഡ് ജോബ് എന്ന രീതിയിൽ റെസ്‌റ്റോറന്റിന് തുടക്കമിടുന്നത്. നോർവീജിയൻ പൗരന്മാരെ ബ്രേക്ക്ഫാസ്റ്റിന് മസാലദോശ കഴിപ്പിക്കാനായി തുടങ്ങിയ ഹോട്ടലെന്നാണ് നിതീഷ് ഈ സംരംഭത്തെ വിളിക്കുന്നത്. വിദേശത്തുള്ളവരെ സംബന്ധിച്ച് ഇന്ത്യൻ ഭക്ഷണമെന്നാൽ ബട്ടർ ചിക്കൻ, നാൻ, ടിക്ക എന്നതൊക്കെ മാത്രമാണ്, അതിൽ നിന്നെല്ലാം വ്യത്യസ്തമായി സ്വന്തം നാട്ടിലെ രുചികൾ കൂടി ഇവിടെയുള്ളവർക്ക് പരിചയപ്പെടുത്തണമെന്ന ആഗ്രഹവും ഈ റെസ്റ്റോറന്റ് തുടങ്ങിയതിന് പിന്നിലുണ്ടെന്നും നിതീഷ് കൂട്ടിച്ചേർത്തു.
പ്രജ്ഞാനന്ദയും വൈശാലിയും മാത്രമല്ല ചെസ് താരങ്ങളായ ഗുകേഷും, കൊനേരു ഹംപിയുമെല്ലാം ഇവിടുത്തെ ഭക്ഷണത്തിന്റെ ആരാധകരാണ്. ഗുകേഷും കൊനേരു ഹംപിയും പലവട്ടം ഇവിടുത്തെ ഭക്ഷണം കഴിക്കാനായി സ്പിസോയിൽ എത്തിയിട്ടുണ്ടെന്നും നിതീഷ് പറയുന്നു. ആദ്യത്തെ തവണ വന്നപ്പോൾ ചിക്കൻ ബിരിയാണിയാണ് ഹംപി ഇവിടെ നിന്ന് കഴിച്ചത്. പിന്നീട് പലവട്ടം ചോറും തക്കാളി രസവും കഴിക്കാനായി ഇവിടെ എത്തിയിട്ടുണ്ട്. ആന്ധ്രാ സ്‌റ്റൈൽ കൊടി വെപ്പുഡുവും ഹംപി ഇവിടെ നിന്ന് പരീക്ഷിച്ചിട്ടുണ്ട്. പലപ്പോഴും മത്സരം കഴിഞ്ഞ് ഇവിടെ എത്തിയാണ് ഹംപി ഭക്ഷണം കഴിച്ചിരുന്നത്.
കഴിഞ്ഞ വർഷം മത്സരത്തിനെത്തിയപ്പോഴാണ് ഗുകേഷ് ആദ്യമായി ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നത്. സൗത്ത് ഇന്ത്യൻ രീതിയിലുള്ള ആട്ടിറച്ചി മസാലയാണ് ഗുകേഷ് കഴിച്ചത്. കഴിച്ചവർക്കെല്ലാം ഏറെ പ്രിയപ്പെട്ട വിഭവമായി അത് മാറുകയും ചെയ്തു. പല ദിവസവും ഗുകേഷും കുടുംബവും ഇതേ വിഭവം തന്നെ ഓർഡർ ചെയ്തിരുന്നു. ഒഴിവ് സമയം കിട്ടുമ്പോൾ പരിശീലകനായ ഗ്രെഗാർഡ് ഗജേവ്‌സികിക്കൊപ്പവും ഗുകേഷ് ഇവിടെ എത്തിയിരുന്നുവെന്നും നിതീഷ് പറയുന്നു.















