‘ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്’ എന്ന ചൊല്ല് ഒരിക്കലെങ്കിലും പറയാത്തവരോ കേൾക്കാത്തവരോ കാണില്ല. വളരെ പ്രത്യേകതയേറിയ ജീവിയാണ് ഈനാംപേച്ചി.
ഇന്ന് ഏറ്റവും കൂടുതൽ വംശനാശ ഭീഷണി നേരിടുന്ന ജന്തുവർഗങ്ങളിലൊന്നാണ് ഈനാംപേച്ചി. കരിഞ്ചന്തയിൽ ഏറ്റവും അധികം വിലയുള്ള ജീവി ആയതുകൊണ്ട് തന്നെ വന്യജീവി കള്ളക്കടത്ത് സംഘങ്ങളുടെ പ്രധാന ഇരയാണ് ഇവ. പ്രതിവർഷം ലക്ഷക്കണക്കിന് ഈാനംപേച്ചികളെയാണ് കൊന്നൊടുക്കുന്നത്. ഇതാണ് വംശനാശ ഭീഷണിയിലേക്ക് നയിച്ചതും.
ആഫ്രിക്കയിലും ഏഷ്യയിലുമായി ഏകദേശം എട്ടിനം ഈനാംപേച്ചികളാണുള്ളത്. ഇവയിൽ ഒട്ടുമിക്കതും റെഡ് ഡേറ്റാ ലിസ്റ്റിൽ കയറിപ്പറ്റിയവയാണ്. വലിപ്പത്തിനനുസരിച്ച് ഒന്നരക്കിലോ മുതൽ 33 കിലോ വരെ ഇവയ്‌ക്ക് തൂക്കമുണ്ട്. പുറത്തുള്ള കെരാറ്റിൻ ശൽക്കങ്ങളാണ് ഇവയുടെ രക്ഷാകവചം. സ്വയംപ്രതിരോധത്തിനായി ശൽക്കങ്ങൾ കൊണ്ട് പന്തുപോലെ ചുരുളുന്നതാണ് ഇവയുടെ തന്ത്രം.
മുൻകാലിലെ നഖങ്ങൾ കൊണ്ട് ഭക്ഷിക്കുന്ന ഇവയുടെ പ്രധാന ആഹാരം ഉറുമ്പാണ്. അതുകൊണ്ട് തന്നെ ഇതിനെ ഉറുമ്പുതീനി എന്നും ഇതിനെ വിളിക്കുന്നു. ഇവയ്‌ക്ക് പല്ലുകൾ ഇല്ലെങ്കിലും ദഹനത്തിന് സഹായിക്കുന്ന മസിലുകൾ വയറ്റിലുണ്ട്. അടിവയറും കാലിന്റെ ഉൾഭാഗവും ഒഴികെയുള്ള ഭാഗങ്ങളെല്ലാം ശൽക്കങ്ങൾ കൊണ്ട് മൂടിയിട്ടുണ്ട്. 160 മുതൽ 200 വരെ ശൽക്കങ്ങളാണ് ഈനാംപേച്ചിയിൽ കണ്ടുവരുന്നത്. ഇതിൽ 46 ശതമാനത്തോളവും ഇതിന്റെ വാലിലാണ് കാണപ്പെടുന്നത്.
ഈനാംപേച്ചിയുടെ കണ്ണുകൾ ചെറുതായതിനാൽ ഇവയ്‌ക്ക് കാഴ്ചശക്തിയും കുറവാണ്. എന്നാൽ അപാര കേൾവി ശക്തിയാണ്. പൊതുവേ രാത്രി മാത്രം പുറത്തിറങ്ങുന്ന ഇവയുടെ കണ്ണിലേക്ക് ശക്തമായി വെളിച്ചമടിച്ച് നിർത്തി കൊല്ലുന്നതാണ് വേട്ടക്കാർ ചെയ്യുന്നത്. ആഫ്രിക്കയിലാണ് ഏറ്റവുമധികം ഈനാംപേച്ചിയെ കണ്ടുവരുന്നത്. വിയറ്റ്നാം, ചൈന പോലുള്ള ഏഷ്യൻ രാജ്യങ്ങളിലാണ് ഇവയ്‌ക്ക് ആവശ്യക്കാറെയും. രാജ്യാന്തര തലത്തിൽ വിൽപനയ്‌ക്ക് നിരോധനമുണ്ടെങ്കിലും ലക്ഷങ്ങളാണ് ഇവയുടെ ശൽക്കങ്ങൾക്ക് വില.