യാങ്കൂൺ: മ്യാൻമറിലെ ജനകീയ നേതാവ് ഓങ് സാൻ സൂകിയുടെ അടുത്ത അനുയായികളിൽ ഒരാളും അവരുടെ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടെ സഹസ്ഥാപകനുമായ ടിൻ ഓ അന്തരിച്ചു. അദ്ദേഹത്തിന് 97 വയസ്സായിരുന്നു.
ശനിയാഴ്ച പുലർച്ചെ യാങ്കൂൺ ജനറൽ ആശുപത്രിയിൽ വച്ചാണ് ടിൻ ഓ മരിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ചാരിറ്റി പ്രവർത്തകനായ മോഹ് ഖാൻ പറഞ്ഞു. മ്യാൻമറിലെ ചാരിറ്റി പ്രവർത്തകരാണ് ശവസംസ്കാര ചടങ്ങുകൾ കൈകാര്യം ചെയ്യുന്നത്.
പല വിധ ആരോഗ്യപ്രശ്നങ്ങൾ കാരണം ടിൻ ഓയെ ബുധനാഴ്ച യാങ്കൂൺ ജനറൽ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു
1988-ൽ സൈനിക ഭരണത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട കലാപം പരാജയപ്പെട്ട ശേഷം സൂകിക്കൊപ്പം ടിൻ ഓയും കൂടി ചേർന്നാണ് നാഷണൽ ലീഗ് ഫോർ ഡെമോക്രസി സ്ഥാപിച്ചത്.അദ്ദേഹം വൈസ് ചെയർമാനും തുടർന്ന് പുതിയ പാർട്ടിയുടെ ചെയർമാനുമായി.
എന്നാൽ സൈന്യം അടിച്ചമർത്തൽ തുടർന്നപ്പോൾ സൂകിയെപ്പോലെ അദ്ദേഹത്തെയും വീട്ടുതടങ്കലിലാക്കി. അവരെപ്പോലെ, 14 വർഷം അദ്ദേഹം വീട്ടുതടങ്കലിലോ ജയിലിലോ ചെലവഴിച്ചു. 1990-ലെ തിരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചിരുന്നു, എന്നാൽ ഭരണകക്ഷിയായ സൈന്യം ഈ ഫലങ്ങൾ അസാധുവാക്കി.
മ്യാൻമറിൽ രാഷ്‌ട്രീയ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവദിച്ചപ്പോൾ, ടിൻ ഓ പാർട്ടിയുടെ മുതിർന്ന നേതാവും രക്ഷാധികാരിയുമായി പ്രവർത്തിച്ചു. പലപ്പോഴും പൊതു റാലികളിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം 2015 ലെ തിരഞ്ഞെടുപ്പിൽ സ്യൂകിക്കൊപ്പം പ്രചാരണത്തിൽ മുഖ്യ പങ്കു വഹിച്ചു. ആക്കുറി പാർട്ടി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
സൈനിക ഭരണത്തിൻ കീഴിൽ നടപ്പിലാക്കിയ ഭരണഘടനയിൽ വിദേശിയെ വിവാഹം കഴിച്ചവർക്ക് മ്യാൻമർ പ്രെസിഡന്റ് ആകാൻ കഴിയില്ല എന്നൊരു നിബന്ധന ചേർത്തിരുന്നു. സ്യൂകി ഒരു വിദേശിയെ – ബ്രിട്ടീഷ് അക്കാദമിക് മൈക്കൽ ആരിസിനെ വിവാഹം കഴിച്ചതിനാൽ പ്രസിഡൻ്റാകുന്നതിൽ നിന്ന് തടയുന്നതിന്നാന് ഈ ക്ലോസ് ഉൾപ്പെടുത്തിയത്. ടിൻ ഓ ആ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ തനിക്ക് പ്രസിഡന്റാകാൻ താൽപ്പര്യമില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു, ആ പദവി സൂകിക്ക് തന്നെ ലഭിക്കണമെന്ന് പറഞ്ഞു.
2020ലെ അവസാന തിരഞ്ഞെടുപ്പിൽ നാഷണൽ ഡെമോക്രാറ്റിക് പാർട്ടി വിജയിച്ചു. ഓങ് സാൻ സൂകിയുടെ ഈ തിരഞ്ഞെടുപ്പ് വിജയത്തിലും പ്രധാന പങ്ക് വഹിച്ചത് ടിൻ ഓ ആയിരുന്നു . എന്നാൽ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് ആരോപിച്ച് 2021ൽ സൈന്യം അധികാരം പിടിച്ചെടുത്തു. ഇതിന് പിന്നാലെയാണ് ഓങ് സാൻ സൂകിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. എന്നാൽ ടിൻ ഒയുടെ അനാരോഗ്യം കാരണം അദ്ദേഹത്തെ വീട്ടുതടങ്കലിൽ ആക്കുകയായിരുന്നു.
അന്തരിച്ച ഏകാധിപതി ജനറൽ നെവിൻ സർക്കാരിന്റെ കീഴിൽ 1974 നും 1976 നും ഇടയിൽ മ്യാൻമറിന്റെ സായുധ സേനയുടെ നാലാം റാങ്കിലുള്ള കമാൻഡർ ഇൻ ചീഫ് ആയിരുന്നു അദ്ദേഹം. നെവിന് എതിരെ പരാജയപ്പെട്ട ഒരു അട്ടിമറിയെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചുവെന്നാരോപിച്ച് വിരമിച്ച് ഒരു വർഷത്തിന് ശേഷം, അദ്ദേഹം തടവിലാക്കപ്പെട്ടു, എന്നാൽ 1980-ൽ പൊതുമാപ്പ് പ്രകാരം മോചിതനായി.