പാറ്റ്ന: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന്റെ തോൽവി ഉറപ്പിക്കുന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംപി രവിശങ്കർ പ്രസാദ്. കോൺഗ്രസ് ദിവാസ്വപ്നം കാണുന്നത് അവസാനിപ്പിക്കാത്തതാണ് അവരുടെ ദയനീയ അവസ്ഥയ്‌ക്ക് കാരണമെന്നും ഇനിയെങ്കിലും മോദിയെ വിമർശിക്കുന്നത് നിർത്തി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ പഠിക്കണമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
എക്സിറ്റ്പോൾ ഫലങ്ങൾ വളച്ചൊടിച്ചതാണെന്നും ഇൻഡി സഖ്യം ഭൂരിപക്ഷം നേടുമെന്നുമുള്ള കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ” ആളുകൾക്ക് ദിവാസ്വപ്നം കാണാമല്ലോ. അതിനൊരു അവസാനമില്ല. കോൺഗ്രസിന്റെ പ്രകടനം വളരെ ദയനീയമാണ്, കാരണം അവർ ദിവാസ്വപ്‌നം കാണുന്നത് നിർത്തിയിട്ടില്ല. മോദിയെ വിമർശിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സമയത്ത് അവർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി അവരുടെ വിശ്വാസം നേടിയെടുക്കാനാണ് ശ്രമിക്കേണ്ടത്, ” അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ദരിദ്രവിഭാഗത്തേയും കർഷകരെയും കുറിച്ചാണ് ചിന്തിക്കുന്നത്. രാജ്യത്തിന്റെ വികസനത്തിനുവേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും രവിശങ്കർ പറഞ്ഞു. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നത് ഒരു കാര്യം തന്നെയാണ്. സാധാരണ അങ്ങനെ സംഭവിക്കുന്നതല്ല. എന്നാൽ ഇത്തവണ എല്ലാ പ്രവചനങ്ങളും ബിജെപി 400 സീറ്റുകൾ അടുപ്പിച്ച് നേടും എന്നുതന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.