ന്യൂഡൽഹി: വിസ്താരയുടെ പാരീസ് – മുംബൈ വിമാനത്തിന് നേരെ ബോംബ് ഭീഷണി. തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതായി വിമാനത്താവള അധികൃതർ അറിയിച്ചു. 306 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പാരീസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് ഭീഷണി സന്ദേശമെത്തിയത്.
ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തുന്ന കത്ത് വിമാനത്തിനുള്ളിൽ നിന്നും ലഭിച്ചതായി അധികൃതർ അറിയിച്ചു. തുടർന്ന് മുംബൈയിലെ ഛത്രപജി ശിവജി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. 12 ജീവനക്കാരും വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നു.
ഭീഷണി കത്ത് ലഭിച്ചതോടെ അധികൃതരെ ഉടൻ വിവരം അറിയിക്കുകയും അടിയന്തരമായി വിമാനം ഇറക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തതായി എയർലൈൻ വക്താവ് പറഞ്ഞു.
കഴിഞ്ഞ ദിവസം 177 യാത്രക്കാരുമായി പോയ ഡൽഹി-ശ്രീനഗർ വിസ്താര വിമാനത്തിനും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. വിമാനത്തിന്റെ ശൗചാലയത്തിൽ നിന്ന് ബോംബ് എന്നെഴുതിയ ടിഷ്യൂ പേപ്പർ കണ്ടെത്തുകയായിരുന്നു. തുടർന്ന് വിമാനം ശ്രീനഗറിൽ സുരക്ഷിതമായി ഇറക്കുകയും യാത്രക്കാരെ മാറ്റുകയും ചെയ്തു.
അടുത്തിടെ സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, വിമാനത്താവളങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നിരവധി ബോംബ് ഭീഷണികൾ ഉയർന്നിരുന്നു. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഈ സന്ദേശങ്ങളെല്ലാം വ്യാജമാണെന്ന് തെളിയുകയായിരുന്നു.















