തിരുവനന്തപുരം : ചെറിയ റോഡുകളിലുൾപ്പെടെയുള്ള പൊതുനിരത്തുകളിൽ വാഹനങ്ങൾ കെട്ടിവലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നിർദേശം നൽകിയത്. 2017-ലെ മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് റഗുലേഷൻ വകുപ്പ് 30 പ്രകാരം പാലിക്കേണ്ട നിർദേശങ്ങളാണ് എംവിഡി പോസ്റ്റിലൂടെ പങ്കുവച്ചത്.
കഴിഞ്ഞ ദിവസം ആലുവയിൽ കെട്ടിവലിക്കുന്ന ഓട്ടോറിക്ഷയുടെ കയറിൽ കുരുങ്ങി യുവാവ് മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
1. ഒരു ഇരുചക്രവാഹനം മറ്റൊരു വാഹനത്തിൽ കെട്ടിവലിക്കാൻ പാടില്ല.
2. കെട്ടി വലിക്കുമ്പോൾ പരമാവധി വേഗപരിധി 25 kmph ൽ കൂടാൻ പാടില്ല.
3. കെട്ടിവലിക്കുന്ന വാഹനവും കെട്ടി വലിക്കപ്പെടുന്ന വാഹനവും തമ്മിലുളള ദൂരം അഞ്ച്
മീറ്ററിൽ കൂടാൻ പാടില്ല.
4. കെട്ടി വലിക്കാൻ ഉപയോഗിക്കുന്ന കയറോ, ചെയിനോ മറ്റു റോഡുപയോക്താക്കൾക്ക്
സ്പഷ്ടമായി കാണാൻ സാധിക്കുന്നതായിരിക്കണം.
5. 10 സെൻ്റിമീറ്റർ ഉയരവും, 2 സെ.മീ വീതിയും, 2 സെ.മീ അക്ഷരങ്ങൾക്കിടയിൽ
വിടവുമുള്ള റിട്രോറിഫ്ളക്റ്റീവ് ” ON TOW ” അടയാളം കെട്ടി വലിക്കുന്ന
വാഹനത്തിന്റെ മുന്നിലും, കെട്ടി വലിക്കപ്പെടുന്ന വാഹനത്തിന്റെ പുറകിലും
പ്രദർശിപ്പിക്കേണ്ടതാണ്.
6. അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിക്കാതെ രാത്രിയിലോ ഇരുട്ടത്തോ, മോശം
കാലാവസ്ഥയിലോ ഡ്രൈവർ ഒരു വാഹനം കെട്ടി വലിക്കരുത്.
7. കെട്ടി വലിക്കപ്പെടുന്ന വാഹനത്തിന്റെ അപകട മുന്നറിയിപ്പ് ലൈറ്റുകൾ
പ്രവർത്തനരഹിതമാണെങ്കിൽ കെട്ടിവലിക്കുന്ന വാഹനത്തിന്റെ അപകട മുന്നറിയിപ്പ്
ലൈറ്റുകൾ പ്രവർത്തിപ്പിക്കാതെ കെട്ടിവലിക്കരുത്.
8. വലിക്കപ്പെടുമ്പോൾ ഏതെങ്കിലും ജംഗ്ഷനിൽ മറ്റൊരു റോഡിലേക്ക് തിരിയൽ, യു
ടേൺ തിരിയൽ പോലുള്ള സന്ദർഭങ്ങളിൽ പ്രത്യേകിച്ച് മറ്റൊരു റോഡിന് കുറുകെ
പോകേണ്ട സമയങ്ങളിൽ അത്യന്തം ശ്രദ്ധയോടെ നിങ്ങേണ്ടതും പറ്റുമെങ്കിൽ ഒരാളുടെ
സഹായത്താൽ മറ്റ് വശങ്ങളിൽ നിന്നുള്ള വാഹനങ്ങളെ നിയന്ത്രിച്ച് കൊണ്ട് മാത്രം
മുന്നോട്ടു പോകണമെന്നും എങ്കിൽ മാത്രമേ ഇത്തരം അപകടങ്ങൾ ഒഴിവാകുകയുള്ളൂവെന്നും കുറിപ്പിൽ പറയുന്നു.















