കൊല്ലം; മഴ പെയ്ത് തോടുകളിലും റോഡുകളിലും വെളളക്കെട്ട് രൂപപ്പെട്ടിട്ടും കൊല്ലം കോർപ്പറേഷന്റെ അനങ്ങാപ്പാറ നയത്തിൽ പ്രതിഷേധിച്ച് ഡെപ്യൂട്ടി മേയറുടെ വാർഡ് സ്വന്തം നിലയിൽ ശുചിയാക്കി യുവമോർച്ച പ്രവർത്തകർ. 54-ാം ഡിവിഷനായ ആലാട്ടുകാവിലെ യുവമോർച്ചാ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.
മഴക്കാലപൂർവ്വ ശുചീകരണം പരാജയപ്പെട്ടതിലുള്ള നേർ സാക്ഷ്യമാണ് കൊല്ലം നഗരത്തിലെ പലയിടങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ട്. ആലാട്ടുകാവിലും സമാനമായ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. തുടർ പരാതികൾ നൽകി കാത്തിരുന്നിട്ടും അധികൃതർ ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതിനെ തുടർന്നാണ് പ്രദേശത്തെ യുവമോർച്ച പ്രവർത്തകർ തന്നെ രംഗത്തിറങ്ങിയത്. യുവതികളടങ്ങുന്ന 20 ഓളം യുവമോർച്ച പ്രവർത്തകരാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഓടകൾക്കൊന്നും സ്ലാബില്ലെന്നും ഇത്തരം ഓടകളിൽപ്പെട്ട് രണ്ട് മരണങ്ങളുണ്ടായിട്ടുണ്ടെന്നും കൃത്യമായ ശുചീകരണ പ്രവർത്തനങ്ങൾ കോർപ്പറേഷന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും പ്രവർത്തകർ പറഞ്ഞു.
കാനകളും ഓടകളും ശുചീകരിക്കുന്നതിൽ ഡെപ്യൂട്ടി മേയർ വേണ്ട നടപടികളൊന്നും സ്വീകരിച്ചില്ലെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി. സ്‌കൂൾ തുറക്കുമ്പോൾ കുട്ടികൾ അപകടത്തിപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് യുവ മോർച്ചാ പ്രവർത്തകർ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കൊല്ലം കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് ഇനിയെങ്കിലും നടപടിയുണ്ടാവണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു.















