കൊൽക്കത്ത: തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ നടക്കുന്ന ആക്രമണ സംഭവങ്ങളിൽ ആശങ്കാകുലനാണെന്ന് ഗവർണർ സിവി ആനന്ദ ബോസ്. ആക്രമണങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി മമത ബാനർജിക്ക് കത്തെഴുതി. നോർത്ത് 24 പർഗാനയിലെയും സന്ദേശ്ഖാലിയിലെയും സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
” തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം സന്ദേശ്ഖാലിയിലും നോർത്ത് 24 പർഗാനയിലും ആക്രമണങ്ങൾ നടക്കുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേൽക്കുന്നുണ്ട്. സന്ദേശ്ഖാലിയിലെ ജനജീവിതത്തെ കുറിച്ച് ഞാൻ ആശങ്കാകുലനാണ്. ആക്രമണങ്ങളിൽ എന്ത് നടപടി മമത സർക്കാർ സ്വീകരിച്ചുവെന്നറിയാൻ മുഖ്യമന്ത്രിക്ക് കത്ത് എഴുതിയിട്ടുണ്ട്. തനിക്ക് വിശദമായ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.”- സിവി ആനന്ദ ബോസ് പറഞ്ഞു.
വരും ദിവസങ്ങളിൽ ഇത്തരം ആക്രമണങ്ങൾ തുടർന്നാൽ രാജ്ഭവന്റെ വാതിലുകൾ ഇരകളായവർക്ക് മുന്നിൽ തുറക്കപ്പെടുമെന്നും സാധാരണക്കാരെ രാജ്ഭവനിൽ സുരക്ഷിതമായ സ്ഥലത്ത് പാർപ്പിക്കുമെന്നും ആനന്ദ ബോസ് കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് നടന്ന് 24 മണിക്കൂറിനുള്ളിലാണ് സന്ദേശ്ഖാലിയിലും നോർത്ത് 24 പർഗാനയിലും ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്. ആക്രമണത്തിൽ നിരവധി ബിജെപി പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.















