ന്യൂഡൽഹി: ലോകസ്ഭ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൽ മണിക്കൂറുകൾ മാത്രം ശേഷിക്കേ വാർത്താസമ്മേളനം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെണ്ണലിന്റെ ക്രമീകരണങ്ങൾ വിശദമാക്കാൻ ഇന്ന് ഉച്ചയ്‌ക്കd 12.30-യ്‌ക്കാണ് വാർത്ത സമ്മേളനം നടത്തുക.
ഇതാദ്യമായാണ് തെരഞ്ഞെടുപ്പിന്റെ സമാപനത്തെ കുറിച്ച് വ്യക്തമാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ പത്രസമ്മേളനം വിളിക്കുന്നത്. നേരത്തെ 2019-ൽ ഓരോ ഘട്ട വോട്ടെടുപ്പിന് ശേഷവും ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർമാർ വാർത്താ സമ്മേളനം നടത്തിയിരുന്നു.
ഏഴ് ഘട്ടങ്ങളിലായി നടത്തിയ വോട്ടെടുപ്പിന്റെ ഫലം നാളെ രാവിലെ എട്ട് മണി മുതൽ അറിയാം. വോട്ടെണ്ണൽ ഫലങ്ങൾ തത്സമയം ലഭ്യമാക്കാൻ പ്രത്യേക സോഫ്റ്റ് വെയറും സജ്ജമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും വോട്ടർ ഹെൽപ്പ് ലൈൻ ആപ്പിലും തത്സമയം ഫലം അറിയാൻ കഴിയുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ജയ് കൗൾ അറിയിച്ചു.
കമ്മീഷന്റെ എൻകോർ സോഫ്റ്റ് വെയറിൽ നിന്ന് results.eci.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഫലം തത്സമയം ലഭിക്കുക. ഓരോ റൗണ്ട് എണ്ണുമ്പോഴും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് അസി. റിട്ടേണിംഗ് ഓഫീസർമാർ തത്സമയം നൽകുന്ന ഫലമാണ് വെബ്സൈറ്റിൽ ലഭിക്കുക. ആദ്യമായാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത്തരത്തിൽ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിൽ നിന്നുള്ള ഫലങ്ങൾ ഏകീകൃത സംവിധാനം വഴി ലഭ്യമാകുന്നത്.















